 കൊല്ലത്ത് നിന്നുള്ള ഏക ടീം


കൊല്ലം: കടൽക്കുത്തിന്റെ വേഗം വീണ്ടെടുത്ത് നെഹ്‌റു ട്രോഫിയിൽ വീണ്ടും മുത്തമിടാൻ കൊല്ലത്തുനിന്നുള്ള ഏക ടീമായി ചെറുതന ഫ്രീഡം ബോട്ട്‌ ക്ലബ് തുഴപ്പെരുക്കം മുറുക്കി. കലങ്ങിയൊഴുകുന്ന കല്ലടയാറ്റിൽ തുഴച്ചിൽക്കാർ പരിശീലനം ആരംഭിച്ചു.

2008 മുതൽ 2013വരെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വള്ളത്തിന്‌ കൊല്ലം ഫ്രീഡം ബോട്ട്‌ ക്ലബിനായിരുന്നു ട്രോഫി. 2017വരെ ഫൈനലിലും എത്തി. സെപ്‌തംബർ നാലിനാണ്‌ പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം.

മൺറോത്തുരുത്ത്‌ കിടപ്രം പ്രണവം റിസോർട്ടിൽ ക്യാമ്പ്‌ ചെയ്‌താണ് പരിശീലനം. ഹരിപ്പാട്‌ ചെറുതനയിൽ നിന്ന് ബോട്ടുമാർഗം ചുണ്ടൻവള്ളം എത്തിച്ച് 120 തുഴച്ചിൽക്കാർക്കാണ് പരിശീലനം നൽകുന്നത്‌.

തുഴക്കാരായി 90 പേരും അമരക്കാരായി അഞ്ചുപേരും താളത്തിന്‌ ഏഴുപേരും റിസർവായി 20 പേരും ക്യാമ്പിലുണ്ട്. കാസർകോട്, പൊന്നാനി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് തുഴച്ചിൽക്കാർ. മൺറോത്തുരുത്ത്‌, പടിഞ്ഞാറേകല്ലട സ്വദേശികളും ഒപ്പമുണ്ട്. 15 ദിവസമാണ്‌ പരിശീലനം. ലാൽ കുമരകമാണ്‌ ലീഡിംഗ് ക്യാപ്‌ടൻ.

കൊവിഡ്‌ നിയന്ത്രണങ്ങൾ കാരണം രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് വള്ളംകളി നടക്കുന്നത്.