കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള കുരിയോട്ടുമല ഗവ.ഹൈടെക് ഡയറി ഫാമിൽ ഫാം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം 31ന് നടക്കും. പുനലൂർ, പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 106 ഏക്കറിലാണ് മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. ഒട്ടകപക്ഷി, എമു, കുതിര, വിവിധ ഇനം പശുക്കൾ, മലബാറി, സിരോഹി, ജമ്നാപ്യാരി തുടങ്ങി വിവിധ ഇനം ആടുകൾ, മുയലുകൾ എന്നിവയും കുട്ടികളുടെയും മുതിർന്നവരുടെയും പാർക്കുകളും കോട്ടേജുകളും ഹട്ടുകളും ശില്പങ്ങളുമൊക്കെ ചേരുന്നതാണ് ഇവിടുത്തെ ഫാം ടൂറിസം. പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് 3ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.ബി.ഗണേശ് കുമാർ എം.എൽ.എ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ, സെക്രട്ടറി ബിനുൻ വാഹിദ്, ഗ്രാമ-ബ്ളോക്ക്-ജില്ലാ പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിക്കും.