കൊല്ലം: കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക് ’ പദ്ധതിയുടെ ഭാഗമായി കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ജീവനക്കാർ ആശ്രാമം സ്ലോട്ടർ ഹൗസ് പരിസരത്ത് നടത്തിയ പച്ചക്കറി കൃഷിക്ക് നൂറുമേനി. ഏകദേശം 40 സെന്റ് സ്ഥലത്തെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു.
ഡെപ്യുട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ജയൻ, ഹണി കോർപ്പറേഷൻ സെക്രട്ടറി പി.കെ. സജീവ്, കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എം.രാജ, ജില്ലാ സെക്രട്ടറി എസ്. പ്രദീപ്, കൃഷി ഫീൽഡ് ഓഫീസർ പ്രകാശ്, കെ സുനിൽ ബാബു, എം. മുരുകൻ, എം. സുബ്രഹ്മണ്യൻ, ടി.ജി. രേഖ, ആർ. സുരേന്ദ്രൻ പിള്ള, ജി.എസ്. സുരേഷ്, ആർ.എസ്.രശ്മി തുടങ്ങിയവർ സംസാരിച്ചു. കൃഷിയിൽ സുസ്‌ത്യർഹമായ പ്രവർത്തനം കാഴ്ചവച്ച നഗരസഭ ജീവനക്കാരനായ മഹേഷിനെ ആദരിച്ചു.
തക്കാളി, വെണ്ട, വഴുതന, അമര പയർ, പച്ചമുളക്, കോളി ഫ്ലവർ, കാബേജ്, കറിവേപ്പ് തുടങ്ങിയവയാണ് ജൈവ രീതിയിൽ വിളയിച്ചത്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറി കൊല്ലം അഗതി മന്ദിരത്തിന് ആവശ്യമായത് സൗജന്യമായും ശേഷിക്കുന്നത് ജീവനക്കാർക്ക് ന്യായവിലയ്ക്കും നൽകും.