abc
നെടുമൺകാവ് ചന്തയുടെ പരിസരത്ത് തമ്പടിച്ചിരിക്കുന്ന തെരുവു നായക്കൂട്ടം

എ.ബി.സി.ക്ക് അടിസ്ഥാന സൗകര്യമായില്ല

എഴുകോൺ : കരീപ്രയിൽ തെരുവുനായ ശല്യം രൂക്ഷമായി. ജനവാസ കേന്ദ്രങ്ങളിലും തെരുവുകളിലും പൊതു സ്ഥാപനങ്ങളുടെ വളപ്പുകളിലും എല്ലാം നായകൾ തമ്പടിച്ചിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് കരീപ്ര ഗവ.എൽ.പി.എസിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് നായയുടെ കടിയേറ്റിരുന്നു. അടച്ചിട്ടിരുന്ന സ്കൂളിന്റെ പിൻവശത്തെ ചുറ്റുമതിൽ ചാടിക്കടന്നാണ് നായക്കൂട്ടം സ്കൂൾ വളപ്പിൽ കയറി കുട്ടിയെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ കുട്ടിയെ അദ്ധ്യാപകർ ഏറെ പണിപ്പെട്ടാണ് നായയിൽ നിന്ന് മോചിപ്പിച്ചത്. നായയുടെ ആക്രമണത്തെ തുടർന്നുണ്ടായ അസ്വസ്ഥതകളും രോഗങ്ങളും കുട്ടിയെ വിട്ടുമാറിയിട്ടില്ല.

വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നില്ല
ഭീതി ജനിപ്പിക്കുന്ന വിധമാണ് നായകളുടെ ശല്യമെന്ന് പഞ്ചായത്ത് അംഗങ്ങൾ തന്നെ പറയുന്നുണ്ട്. പലരും പുറത്തിറങ്ങാൻപോലും ഭയപ്പെടുന്നു. ഇവിടെ നായകളുടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഏറ്റവും ഒടുവിലായി 2019 - 20 ലാണ് 72922 രൂപ എ.ബി.സി പദ്ധതിക്കായി ഇവിടെ ചെലവഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 1.50 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി നടപ്പായില്ല. വാക്കനാട് മൃഗാശുപത്രി സബ് സെന്ററിലാണ് എ.ബി.സി. പദ്ധതി നടപ്പാക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം.

നഷ്ട പരിഹാരം കിട്ടും, അപേക്ഷിക്കണം
നായകളുടെ കടിയേൽക്കുന്നവർക്കും നായമൂലം അപകടത്തിൽപ്പെടുന്നവർക്കും നഷ്ട പരിഹാരത്തിന് വ്യവസ്ഥയുണ്ടെങ്കിലും പലർക്കും ഇക്കാര്യം അറിയില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് നഷ്ട പരിഹാരം നൽകേണ്ടത്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുൻപാകെ അപേക്ഷ നൽകിയും നഷ്ടപരിഹാരം നേടാം. സിരിജഗൻ കമ്മിറ്റി സുഗമമായി പ്രവർത്തിക്കാൻ വേണ്ട സാഹചര്യം സർക്കാർ ഇനിയും ഒരുക്കിയിട്ടില്ല. ഇതേ തുടർന്ന് വർഷങ്ങളായുള്ള പരാതി തീർപ്പാകാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. പരാതി ലഭിക്കുന്ന തീയതി മുതൽ തീർപ്പാകുന്ന തീയതി വരെയുള്ള 9 ശതമാനം പലിശ കൂടി ചേർത്താണ് നഷ്ട പരിഹാരം നൽകേണ്ടത്. നഷ്ട പരിഹാരമില്ലെങ്കിലും നായകളിൽ നിന്ന് രക്ഷിച്ചാൽ മതി എന്ന അപേക്ഷയാണ് നാട്ടുകാർക്കുള്ളത്.

അടിസ്ഥാന സൗകര്യമൊരുങ്ങുന്ന മുറയ്ക്ക് എ.ബി.സി പദ്ധതി പുനരാരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡോ.സൈറ

വെറ്ററിനറി സർജൻ

വാക്കനാട് മൃഗാശുപത്രി