കൊല്ലം: ശക്തികുളങ്ങര കുളക്കുടി ഭദ്രദേവി ക്ഷേത്രത്തിൽ നിന്ന് വിളക്ക് മോഷണം നടത്തിയ കേസിലെ
അവസാന പ്രതിയെയും പൊലീസ് പിടികൂടി. ശക്തികുളങ്ങര എക്‌സൽ നിവാസിൽ
റാം മോഹൻ എന്ന സുധീഷ് (25) ആണ് പൊലീസ് പിടിയിലായത്. ഈ കേസിലെ ഒന്നും മൂന്നും പ്രതികളായ വൈഷ്ണവ്, അജിത്ത് എന്നിവരെ സംഭവ സമയത്ത് തന്നെ പിടികൂടിയിരുന്നു.

ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന 5 അടിയോളം ഉയരം വരുന്ന ആമവിളക്കാണ് കഴിഞ്ഞ 16ന് പുലർച്ചെ മോഷ്ടിച്ച് അജിത്തിന്റെ ഓട്ടോറിക്ഷയിൽ കടത്തിയത്. ഒളിവിൽ പോയ റാം മോഹൻ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസ്
ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ്
ഇയാളെ പിടികൂടാൻ കഴിഞ്ഞത്. സബ് ഇൻസ്‌പെക്ടർ ഐ.വി.ആശയുടെ നേതൃത്വത്തിൽ എ.എസ്.ഐ ഡാർവിൻ, സി.പി.ഒമാരായ ശ്രീലാൽ, മനു എന്നിവരടങ്ങിയ സംഘം ഇയാളെ പുത്തൂരിലെ ബന്ധുവീട്ടിൽ നിന്ന് അറസ്​റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.