
കൊല്ലം: എം.ഡി.എം.എയും കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ നാലുപേരെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), വടക്കേവിള പുന്തലത്താഴം പുലരി നഗർ ഉദയ മന്ദിരത്തിൽ അഖിൽ (24), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഭാര്യ ബിൻഷ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 23ഗ്രാമോളം എം.ഡി.എം.എയും 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത ശേഷം കോളേജ്, സ്‌കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു വില്പന.
സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ കൊല്ലം സിറ്റി ഡാൻസാഫ് ടീമും കിളികൊല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് മാസമായി ഇവർ ലോഡ്ജിൽ മുറിയെടുത്തിരുന്നു. തൊട്ടടുത്ത് പ്രൊഫഷണൽ, ആർട്സ് കോളേജുകളും സ്‌കൂളുകളുമുണ്ട്. ഇവർക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസുണ്ടെന്ന് പൊലീസ് പറഞ്ഞു. ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യു, കിളികൊല്ലൂർ ഇൻസ്‌പെക്ടർ വിനോദ്, എസ്.ഐ അനീഷ്, ഡാൻസാഫ് എസ്.ഐ ജയകുമാർ, എ.എസ്.ഐ ബൈജു.പി. ജെറോം, സി.വി. സജു, എസ്. സീനു, മനു, ആർ.രിപു, ടി. രതീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.