rms

കൊല്ലം: അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് കൊല്ലം ആർ.എം.എസ് ഉയർത്തെഴുന്നേറ്റു. അടച്ചുപൂട്ടാൻ ഉത്തരവിട്ട കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയം തന്നെ കൊല്ലം ആർ.എം.എസിനെ ഇൻട്രാ സർക്കിൾ ഹബ്ബായി ഉയർത്തി ഉത്തരവിട്ടു.

കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ പൊതു നയത്തിന്റെ ഭാഗമായാണ് കൊല്ലം ആർ.എം.എസും സമാന നിലവാരത്തിലുള്ള ആർ.എം.എസ് സേവനങ്ങളും നിർത്തലാക്കാൻ നേരത്തേ ഉത്തരവിട്ടത്. ഈ ഉത്തരവിൽ നിന്ന് കൊല്ലം ആർ.എം.എസിനെ ഒഴിവാക്കണമെന്നും ഐ.സി.എച്ച് ആയി ഉയർത്തി കൂടുതൽ സേവനങ്ങൾ നൽകാൻ നടപടി സ്വീകരിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോകസഭയിൽ ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായി കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് ചർച്ച നടത്തി. കൊല്ലത്തെ സേവനങ്ങളുടെ വിശദവിവരം കാണിച്ച് കൊല്ലം ആർ.എം.എസ് ഐ.സി.എച്ച് ആയി ഉയർത്തേണ്ടതിന്റെ ആവശ്യകത മന്ത്രിയെ ധരിപ്പിച്ചു. കൊല്ലം ആർ.എം.എസ് പ്രത്യേകമായി പരിശോധിക്കാനും കൊല്ലത്തെ സൗകര്യങ്ങൾ നിർത്തലാക്കിയാൽ ഉണ്ടാകാവുന്ന വിഷമതകൾ വിലയിരുത്താനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് പൊതു ഉത്തരവിൽ നിന്ന് കൊല്ലം ആർ.എം.എസിനെ ഒഴിവാക്കി ഇൻട്രാ സർക്കിൾ ഹബ്ബായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

സ്പീഡ് പോസ്റ്റുകളുടെ പ്രോസസ് ഇനി കൊല്ലത്ത്

കൊല്ലത്തെ സ്പീഡ് പോസ്റ്റുകൾ തിരുവനന്തപുരത്താണ് കൈകാര്യം ചെയ്തിരുന്നത്. അത് സ്പീഡ് പോസ്റ്റുകൾക്ക് കാലതാമസം ഉണ്ടാക്കിയിരുന്നു. കൊല്ലം ആർ.എം.എസ്.ഐ.സി.എച്ച് ആയി ഉയർത്തിയതിലൂടെ സ്പീഡ് പോസ്റ്റും രജിസ്ട്രേഡ് പോസ്റ്റും കൊല്ലത്ത് തന്നെ പ്രോസസ് ചെയ്യാൻ കഴിയും. ഇതിന് പുറമേ ബി.എൻ.പി.എൽ സർവീസ് ആരംഭിക്കാനും ആർ.എം.എസിന്റെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും കഴിയും.

ഉത്തരവ് ശ്രദ്ധയിൽപ്പെട്ട ഉടൻ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. മന്ത്രിയെ നേരിൽ കണ്ട് വിശദമായ ചർച്ചയും നടത്തി. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് ഉത്തരവിറക്കിയ കേന്ദ്ര മന്ത്രി അശ്വനി വൈഷണവിനെ നന്ദി അറിയിച്ചിട്ടുണ്ട്.

എൻ.കെ.പ്രേമചന്ദ്രൻ എം.പി