കൊട്ടാരക്കര: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കൊട്ടാരക്കര മീൻപിടിപ്പാറ ടൂറിസം പദ്ധതിയിലേക്കുള്ള റോഡിന് ശാപമോക്ഷം. നഗരസഭ ചെയർമാൻ എ.ഷാജു മുൻകൈയെടുത്ത് സംസ്ഥാന സർക്കാരിന്റെ ഫ്ളഡിൽ നിന്ന് അനുവദിപ്പിച്ച തുക കൊണ്ടാണ് റോഡ് നവീകരണം തുടങ്ങിയത്. കോൺക്രീറ്റും ടാറിംഗും ചേർന്നുള്ള നവീകരണ പദ്ധതിയാണ് നടപ്പാക്കുന്നത്. നിർമ്മാണ ജോലികൾക്ക് തുടക്കമിട്ടതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികളും മീൻപിടിപ്പാറ കാണാനെത്തുന്നവരും.
വാർത്ത തുണയായി
റോഡ് തകർന്ന് കുണ്ടും കുഴിയുമായി മാറിയിട്ടും അധികൃതർ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. ജൂൺ 10ന് റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മീൻപിടിപ്പാറ റോഡ് തകർച്ചയിൽ എന്ന തലക്കെട്ടോടെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. ഇതേ തുടർന്നാണ് അധികൃതർ ഉണർന്നതും തുക അനുവദിപ്പിച്ചതും.
പതിവായി അപകടങ്ങൾ
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര കോളേജ് ജംഗ്ഷനിൽ നിന്നാണ് മീൻപിടിപ്പാറ റോഡ് തുടങ്ങുന്നത്. കുത്തനെയുള്ള റോഡിന്റെ പല ഭാഗത്തും ടാറിംഗ് ഇളകി മാറി വലിയ കുഴികൾ രൂപപ്പെട്ടത് നിരന്തരം അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ്, സ്കൂൾ, ബി.എഡ് കോളേജ്, സൂരജ് ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവയടക്കം ഈ റോഡിന്റെ അരികിലായുണ്ട്. ഇവിടേക്ക് പോകുന്നവരും മീൻപിടിപ്പാറയിലേക്ക് പോകുന്നവരുമെല്ലാം റോഡിന്റെ ദുർഗതിയിൽ ബുദ്ധിമുട്ടിവരികയായിരുന്നു. ഇനി നിർമ്മാണ ജോലികൾ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ ഗതാഗതം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.