phot
കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് നിന്നും ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലേക്ക് വളർന്ന് ഉയരുന്ന കാട്

പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയ പാതയോരത്തെ ഒറ്റക്കല്ലിൽ കാടു കയറിയതു കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു. ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിനും സമീപത്തെ ഗവ.ആയുർവേദ ആശുപത്രിക്കും മുന്നിലെ കട്ടിംഗിലാണ് പാതയോരം നിറഞ്ഞ് കാടുവളർന്നിരിക്കുന്നത്. പാതയോരം കടന്ന് കാട് സ്കൂളിന് മുന്നിലെ പാർശ്വഭിത്തിയിലൂടെ സ്കൂൾ വളപ്പിലേക്കും കടന്നിട്ടുണ്ട്. സ്കൂൾ കുട്ടികളെയും ആശുപത്രിയിലെത്തുന്ന രോഗികളെയും സ്കൂളിന് മുന്നിലെ വെയിറ്റിംഗ് ഷെഡിലിരിക്കുന്ന യാത്രക്കാ‌രെയും കാടുവളർന്നത് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി പാതയോരം മാറുന്നെന്നാണ് നാട്ടുകാർ പറയുന്നത്.

കാട് വെട്ടിത്തെളിക്കുവാൻ ആരുമില്ല

കാട് വെട്ടിത്തെളിക്കുവാൻ സന്നദ്ധസംഘടനകളോ, പഞ്ചായത്തോ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. സ്കൂൾ വികസന സമിതിയും ചേർന്ന് വിദ്യാലയത്തിന് മുന്നിലെ കാട് നീക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. അതുപോലെ തെന്മല ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഗവ.ആയുർവേദ ആശുപത്രിയുടെ കവാടത്തിന് രണ്ടു വശങ്ങളിലുമുള്ള കാട് നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതരും തയ്യാറാകണം.

സ്കൂളിന് മുന്നിലെ കട്ടിംഗിലും സമീപ പ്രദേശങ്ങളിലുമാണ് കാട് വളർന്ന് നിൽക്കുന്നത്. അത് അടിയന്തരമായി നീക്കം ചെയ്യണം. അല്ലെങ്കിൽ അവിടം ഇഴജന്തുക്കളുടെ താവളമാകും. കാട് നീക്കം ചെയ്യുന്ന കാര്യത്തിൽ ദേശീയ പാത വിഭാഗം ഉത്തരവാദിത്വം കാണിക്കുന്നില്ല.

സന്തോഷ് ഉറുകുന്ന്

എൻ.സി.പി

ജില്ലാ കമ്മിറ്റി അംഗം