car

കൊല്ലം: കുളത്തൂപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തിരുവനന്തപുരം ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ നെടുവണ്ണൂർ കടവിൽ ഇന്നലെ രാത്രി 8 ഓടെയായിരുന്നു അപകടം. കുളത്തൂപ്പുഴ സാംനഗർ സജാദ് മൻസിലിൽ സജാദിന്റെ ഇൻഡിഗോ കാറാണ് കത്തിനശിച്ചത്.

വർക്ക് ഷോപ്പിൽ പണി പൂർത്തീകരിച്ച ശേഷം ടെസ്റ്റിനായി ഓടിച്ച് നോക്കുമ്പോഴാണ് നെടുവണ്ണൂർ കടവിൽ പാലത്തിനു സമീപം വെച്ച് കാറിൽ തീപടർന്നത്. വർക്ക് ഷോപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ ഓടിക്കഴിഞ്ഞപ്പോൾ കാറിനുള്ളിൽ ഡാഷ് ബോർഡിൽ നിന്ന് തീ ഉയരുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്ന സജാദും സുഹൃത്തും വാഹനം സൈഡിൽ നിറുത്തി ഓടിരക്ഷപ്പെട്ടു. നാട്ടുകാരും കുളത്തൂപ്പുഴ പൊലീസും ചേർന്നാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

താൻ വിദേശത്തായിരുന്നതിനാൽ ഏറെക്കാലമായി കാർ ഓടിച്ചിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച മടങ്ങിയെത്തിയ ശേഷം ടയർ മാറ്റാനാണ് വർക്ക്ഷോപ്പിൽ കയറ്റിയത്.

സജാദ്