നടപടി കേരളകൗമുദി വാർത്താ പരമ്പരയെ തുടർന്ന്
കൊല്ലം: പാർട്ടിഡ്രഗ് എന്ന പേരിലറിയപ്പെടുന്ന സിന്തറ്റിക് ലഹരി മരുന്നുകളുടെ വിപണനവും ഉപയോഗവും തടയാൻ പൊലീസിന്റെ ഡാൻസാഫ് (ജില്ലാ തല ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) വിഭാഗത്തിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാക്കി.
കേരളകൗമുദി വാർത്താപരമ്പരയിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ പരിശോധന ശക്തമാക്കാൻ വിവിധ വകുപ്പുകളോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് എക്സൈസ്, പൊലീസ്, ആർ.പി.എഫ് നടപടികളുടെ തുടർച്ചയായാണ് ഡാൻസാഫ് സേവനവും ശക്തമാക്കിയത്.
അടുത്തിടെ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വിപണനം തടയുന്നതിലും പ്രതികളെ പിടികൂടുന്നതിലും ഡാൻസാഫിന്റെ പങ്ക് വലുതാണ്. ലഹരി ഉപയോഗം യുവാക്കളിലും വിദ്യാർത്ഥികളും വർദ്ധിച്ച സാഹചര്യത്തിൽ ഡാൻസാഫിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിലൂടെ ലഹരി വരവ് തടയുകയാണ് പ്രധാന ലക്ഷ്യം. നിഴൽ പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ, യുവാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,പാർക്കുകൾ, ബീച്ചുകൾ, സിനിമ തീയേറ്ററുകൾ തുടങ്ങി ആളുകളെത്തുന്ന എല്ലായിടവും ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരിക്കും.
സാധാരണ വേഷധാരികളായി ആൾക്കൂട്ടത്തിലും അല്ലതെയും സഞ്ചരിക്കുന്നതിനാൽ ഇവരുടെ സാന്നിദ്ധ്യം മറ്റുള്ളവർക്ക് തിരിച്ചറിയുക പ്രയാസമായിരിക്കും. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഓണക്കാല സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം 656 റെയ്‌ഡുകളാണ് ഈ മാസം 5 മുതൽ കഴിഞ്ഞ ദിവസം വരെ നടത്തിയത്.
ചില്ലറക്കാരല്ല ഡാൻസാഫ്
1. കഞ്ചാവ്, മയക്കുമരുന്ന് കേസുകൾ പിടിക്കാനുള്ള പൊലീസ് സംവിധാനം
2. സ്പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങൾക്കൊപ്പം പ്രവർത്തനം
3. സർക്കാർ അന്വേഷണ ഏജൻസികളുമായി സഹകരിച്ച് പരിശോധന
4. എൻ.ഡി.പി.എസ് കേസുകളുടെ അന്വേഷണം
5. കേന്ദ്ര, സംസ്ഥാന ഏജൻസികളുമായി ചേർന്ന് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം
6. മികവും കഴിവും പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം
എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ഡ്രൈവ്
(ഈ മാസം 5 മുതൽ 25 വരെ)
പരിശോധനകൾ - 656
എൻ.ഡി.പി.എസ് - 25
പ്രതികൾ - 39
അറസ്റ്റ് - 26
എം.ഡി.എം.എ - 22 ഗ്രാം
കഞ്ചാവ് - 4.022 കിലോഗ്രാം
കഞ്ചാവ് ചെടികൾ - 04
പുകയില ഉത്പന്നങ്ങൾ - 16.5 ഗ്രാം
ചാരായം - 43 ലിറ്റർ
കോട - 1095 ലിറ്റർ
അരിഷ്ടം - 17 ലിറ്റർ
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ - 15
സംയുക്ത പരിശോധന
പൊലീസ് - 17
ആർ.പി.എഫ് - 04
റവന്യൂ - 03
ഫോറസ്റ്റ് - 02
ഫുഡ് സേഫ്ടി - 11
വിവരം അറിയിക്കാം
കൺട്രോൾ റൂം (24 മണിക്കൂർ) - 18004255648, 155358 (ടോൾ ഫ്രീ)
എക്‌സൈസ് കൺട്രോൾ റൂം: 0474 2767822, 9400069439
ഡാൻസാഫ്: 9497980223
വിവിധ വകുപ്പുകളുടെ ശക്തമായ പരിശോധനകൾക്കൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഓരോ വീട്ടുകാരും പങ്കാളികളാകണം. രക്ഷിതാക്കൾ പ്രത്യേക കരുതൽ പുലർത്തണം.
ബി. സുരേഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻ.സി.സി, എൻ.എസ്.എസ് എന്നിവയുമായി സഹകരിച്ച് ബോധവത്കരണം നടത്തും. കുട്ടികൾക്ക് മാതൃകയാകേണ്ടത് മാതാപിതാക്കളാണ്.
വി. റോബർട്ട്, അസി. എക്സൈസ് കമ്മിഷണർ, കൊല്ലം
പരിശോധന ശക്തമാക്കിയിട്ടുണ്ട്. എല്ലായിടവും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. പൊതുജനങ്ങൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ രഹസ്യമായിരിക്കും.
അജയകുമാർ, ഡാൻസാഫ്