
കൊല്ലം: സ്റ്റേഷനിൽ വച്ച് എ.എസ്.ഐയെ കസേരയിൽ നിന്ന് തൂക്കിയെടുത്ത് നിലത്തിട്ട ശേഷം സ്റ്റൂളുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച ജവാനും സഹോദരനും റിമാൻഡിലായി.
പേരൂർ കൊറ്റങ്കര ഇന്ദീവരത്തിൽ വിഷ്ണു (30), സഹോദരൻ വിഗ്നേഷ് (25) എന്നിവരാണ് പിടിയിലായത്. വധശ്രമം, പൊലീസ് സ്റ്റേഷൻ ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കിളികൊല്ലൂർ പൊലീസ് നടത്തിയ പട്രോളിംഗിനിടെ ബുധനാഴ്ച പുലർച്ചെ കരിക്കോട് നിന്ന് കൊറ്റങ്ങര സ്വദേശകളായ രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ദേഹപരിശോധനയിൽ എം.ഡി.എം.എ ഉപയോഗിക്കുന്നതായി വ്യക്തമായി. ചോദ്യം ചെയ്യലിൽ ഇവർക്ക് എം.ഡി.എം.എ വിൽക്കുന്ന യുവതിയടക്കമുള്ള നാലംഗ സംഘം കരിക്കോടുള്ള ലോഡ്ജ് മുറിയിൽ നിന്ന് 22 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായി. ആദ്യം പിടിയിലായ യുവാക്കൾ വിഗ്നേഷിന്റെ സുഹൃത്തുക്കളായിരുന്നു. ഇവരെ ജാമ്യത്തിലിറക്കാൻ വിഗ്നേഷിനൊപ്പം എത്തിയതായിരുന്നു വിഷ്ണു.
ജാമ്യത്തിൽ വിടാൻ വൈകുന്നുവെന്ന് ആരോപിച്ച് വിഷ്ണു സ്റ്റേഷന് പുറത്തുനിന്ന് ബഹളം വച്ചു. ഇതോടെ പൊലീസുകാർ വിഷ്ണുവിനെയും സഹോദരനെയും അകത്തേക്ക് വിളിപ്പിച്ചു. ഇതിനിടെ എ.എസ്.ഐ പ്രകാശ് ചന്ദ്രനുമായി തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ കസേരയിൽ ഇരിക്കുകയായിരുന്ന പ്രകാശ് ചന്ദ്രനെ കസേരയിൽ നിന്ന് കോളറിൽ പിടിച്ചുതൂക്കി നിലത്തേക്കിട്ട ശേഷം ചവിട്ടി. പിന്നീട് ഇടിവള കൊണ്ട് തലയിലും മൂക്കിലും ഇടിച്ചു. തുടർന്ന് തല സ്റ്റൂളിൽ പിടിച്ചുവച്ച് ഇടിക്കുകയും ചെയ്തു. ഇതോടെ മറ്റ് പൊലീസുകാർ ഇടപെട്ട് വിഷ്ണുവിനെയും വിഗ്നേഷിനെയും ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
മൂക്കിന്റെ പാലം തകർന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നെറ്റിയിൽ തുന്നലുമുണ്ട്. ഇന്ത്യൻസേനയിൽ രാജസ്ഥാനിൽ സിഗ്നൽ വിഭാഗത്തിലെ ജവാനാണ് വിഷ്ണു. ഇപ്പോൾ മെഡിക്കൽ ലീവിലാണ്. ചികിത്സ കഴിഞ്ഞ ശേഷവും മടങ്ങാതെ നാട്ടിൽതുടരുകയാണെന്ന സംശയമുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.