കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 168-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 28 മുതൽ 31 വരെ ശ്രീനാരായണ ദിവ്യപ്രഭാ പ്രയാണവും ഗുരുദേവ ജയന്തി വിളംബര രഥയാത്രയും സംഘടിപ്പിക്കുമെന്ന് യൂണിയൻ നേതാക്കൾ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. 28 ന് രാവിലെ 8 ന് ശിവഗിരി മഠത്തിൽ സന്യാസി ശ്രേഷ്ഠൻമാരുടെ കാർമ്മികത്വത്തിൽ സ്വാമി ഋതംഭരാനന്ദ ദിവ്യപ്രഭ പ്രോജ്വലനം നടത്തും. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലനും മറ്റ് യൂണിയൻ നേതാക്കന്മാരും ചേർന്ന് ദിവ്യജ്യോതി ഏറ്റുവാങ്ങി കൊട്ടാരക്കര യൂണിയനിലേക്ക് പ്രയാണം നടത്തും. രാവിലെ 9ന് കരിങ്ങന്നൂർ പുത്തൻവിള ശാഖയിൽ പ്രയാണത്തിന് സ്വീകരണം. വിവിധ ശാഖകളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 7.30ന് കട്ടയിൽ ശാഖയിൽ ആദ്യ ദിനം പര്യവസാനിക്കും. 29ന് മാരൂർ ശാഖയിൽ നിന്ന് രാവിലെ 9ന് തുടങ്ങി വിവിധ ശാഖകളിലൂടെ വൈകിട്ട് 6.45ന് പള്ളിക്കൽ ശാഖയിൽ സമാപിക്കും. 30ന് രാവിലെ 8.30 ന് കോട്ടാത്തല ശാഖയിൽ നിന്ന് പ്രയാണം പുനരാരംഭിച്ച് വൈകിട്ട് 6.15ന് പൂവറ്റൂർ ശാഖയിൽ സമാപിക്കും. 31ന് രാവിലെ 9.3ന് ഏറത്ത് കുളക്കട ശാഖയിൽ നിന്ന് തുടങ്ങി ഉച്ചക്ക് 11.30ന് താമരക്കുടിയിൽ പര്യവസാനിക്കും. വൈകിട്ട് 3ന് കൊട്ടാരക്കര യൂണിയൻ മന്ദിരത്തിലെ ഗുരുക്ഷേത്രത്തിലുള്ള നിലവിളക്കിൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദ ദിവ്യജ്യോതി ലയിപ്പിച്ച് ജയന്തി സന്ദേശം നൽകും. ശ്രീനാരായണ ദാർശനിക മാസിക ചീഫ് എഡിറ്റർ വിശ്വപ്രകാശം വിജയാനന്ദ് പ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, യോഗം ബോർഡ് മെമ്പർമാരായ ജി.വിശ്വംഭരൻ, അഡ്വ.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ചടങ്ങുകളിൽ എല്ലാ ശ്രീനാരായണീയരും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. പി.അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ എന്നിവർ അറിയിച്ചു.