കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുരിയോട്ടുമല ഹൈടെക് ഡയറിഫാം കേന്ദ്രമാക്കി ഫാം ടൂറിസം 31ന് വൈകിട്ട് 3ന് മന്ത്റി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. മന്ത്റി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയാകും. കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ, വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന്റെ നിയന്ത്രണത്തിൽ ഫാം ടൂറിസം ആരംഭിക്കുന്നത്. പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ 106 ഏക്കറിലാണ് ഫാമിന്റെ പ്രവർത്തനം. ഫാമിൽ നിന്ന് പ്രതിദിനം 1000 ലിറ്റർ പാൽ ഉല്പാദിപ്പിച്ച് പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നുണ്ട്. ഐസ്‌ക്രീം നിർമ്മാണ യൂണിറ്റ് ഉടനാരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ. ഡാനിയേൽ, വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, സെക്രട്ടറി ബിനുൻവാഹിദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.