കൊല്ലം: അയ്യങ്കാളിയുടെ 159- ാമത് ജന്മദിനമായ 28ന് വിദ്യാരംഭ ദിനമായി ആചരിക്കുമെന്ന് കേരള പുലയർ മഹാസഭ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എല്ലാ ശാഖ, യൂണിയൻ, ജില്ലാ തലങ്ങളിലും വിപുലമായ ചടങ്ങുകൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

എയ്ഡഡ് വിദ്യാഭ്യാസ മേഖല, യൂണിവേഴ്‌സി​റ്റി അദ്ധ്യാപക നിയമനങ്ങൾ പി. എസ്.സിക്ക് വിടുക, രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കുക,​ ദേവസ്വം ബോർഡിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തുക,​ ചാത്തൻ മാസ്റ്റർക്കും പി.കെ. രാഘവനും സ്മാരകങ്ങൾ നിർമ്മിക്കുക, മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസിയുടെ പേരിൽ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഉന്നയിച്ചു. പത്രസമ്മേളനത്തിൽ കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ഉദയസിംഹൻ, മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശാന്തമ്മ യശോധരൻ, ജില്ലാ സെക്രട്ടറി അജയൻ കെ. റോഡുവിള, ട്രഷറർ മാധവൻ കുട്ടി എന്നിവർ പങ്കെടുത്തു.