കൊല്ലം: കശുഅണ്ടി വ്യവസായം ശക്തിപ്പെടുത്താൻ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ വിപണന കേന്ദ്രങ്ങളിലും കശുഅണ്ടി ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കാപ്പെക്‌സിന്റെ പെരുമ്പുഴ കശുഅണ്ടി ഫാക്ടറി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപ്പ് കൂടി കണക്കിലെടുത്താണ് കശുഅണ്ടി, നെയ്യ്, ഏലയ്ക്ക തുടങ്ങിയ ഉത്പന്നങ്ങൾ സർക്കാരിന്റെ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയത്. 80 ലക്ഷത്തോളം കശുഅണ്ടി പായ്ക്കറ്റുകൾ സമയബന്ധിമായി തയ്യാറാക്കിയ കശുഅണ്ടി വികസന കോർപ്പറേഷൻ, കാപ്പെക്‌സ് എന്നിവയുടെ തൊഴിലാളികൾ, മാനേജ്‌മെന്റ് എന്നിവരെ മന്ത്രി അഭിനന്ദിച്ചു. കാപ്പെക്‌സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, സി.ഡി.സി എം.ഡി ഡോ. രാജേഷ് രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.