ചവറ : തേവലക്കര അയ്യൻകോയിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധുനിക മൈതാനം വരുന്നു.
വിവിധ സൗകര്യങ്ങളുള്ള സ്പോർട്ട്സ് ഗ്രൗണ്ട് നിർമ്മിക്കുന്നതിന് കായിക യുവജന വകുപ്പിന് കീഴിലുള്ള സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ 1.30 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകി.
ആദ്യത്തെ ഹൈടെക് ഗ്രൗണ്ട്
ഫുട്ബാൾകോർട്ട്, ബാഡ്മിന്റൺ കോർട്ട് (2 എണ്ണം), വോളിബാൾ കോർട്ട്, ഔട്ട്ഡോർ ജിംനേഷ്യം, ഫ്ളഡ്ഡ്ലൈറ്റ് സൗകര്യം (എൽ.ഇ.ഡി), കഫറ്റ് ഏരിയ, ടൊയ്ലെറ്റ് ബ്ലോക്ക്, ചുറ്റും ഇന്റർലോക്ക് സ്ഥാപിച്ച നടപ്പാത, സ്റ്റെപ്പ് ഗാലറി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് മൾട്ടി പർപ്പസ് സ്പോർട്ട്സ് ഗ്രൗണ്ട് തയ്യാറാകുന്നത്.
ചവറ മണ്ഡലത്തിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആദ്യത്തെ സ്പോർട്ട്സ് ഗ്രൗണ്ടാണിത്.
1.2 ഏക്കർ വിസ്തീർണമുളള നിലവിലെ സ്കൂൾ മൈതാനമാണ് സ്പോർട്ട്സ് ഗ്രൗണ്ടിന് നൽകിയിരിക്കുന്നത്.
എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന്
ചവറ മണ്ഡലത്തിലെ കായിക താരങ്ങൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും സ്പോർട്ട്സ് വികസനത്തിൽ വലിയൊരു അനുഗ്രഹമാകും ഈ സ്വപ്നപദ്ധതി. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഭരണാനുമതിയ്ക്കായി ജില്ലാ കളക്ടർക്ക് നൽകും.ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ എം.എൽ.എയുടെ പ്രത്യേക അപേക്ഷ പ്രകാരം ലഭിച്ച 50ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന് നൽകിയിട്ടുള്ള അഭ്യർത്ഥനയനുസരിച്ച് ലഭിക്കുന്ന 30 ലക്ഷം രൂപയും ചെലവിട്ടാണ് മൈതാനം നിർമ്മിക്കുക.
തുടർപ്രവർത്തനങ്ങൾ
മൈതാന നിർമ്മാണത്തിന്റെ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് എം.എൽ.എ ഓഫീസിൽ കൂടിയ യോഗത്തിൽ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ, പി.ടി.എ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം, സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ എൻജിനീയർമാരായ ഒ.വി.അർജ്ജുൻ, അജീവ് കുമാർ, വികസനസമിതിയെ പ്രതിനിധീകരിച്ച് കെ.മോഹനക്കുട്ടൻ, ഐ.ഷിഹാബ് എന്നിവർ പങ്കെടുത്തു.