ചാത്തന്നൂർ : അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുള്ളവർ സംഗീതം പഠിച്ചവരല്ല. ജീവിതനുഭവങ്ങളിൽ നിന്ന് ഞങ്ങളറിയാതെ ഹൃദയത്തിൽ നിന്ന് വരുന്നതാണ്. ആദിവാസികളുടെ ജീവിതം അറിയാവുന്നവർക്ക് ഞങ്ങളുടെ പാട്ടിന്റെ അർത്ഥം മനസിലാകും. അല്ലാത്തവർക്ക് അത് പാഴ്ശബ്ദമായി തോന്നും. കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാനായി അമ്മമാർ ആകാശവും മരവും കാണിച്ച് പാടുന്ന പാട്ടാണ് 'കളക്കാത്ത സന്ദനമേറം...' ഈ പാട്ട് റെക്കാഡ് ചെയ്തപ്പോൾ സംവിധായകൻ സച്ചി കരഞ്ഞു. സ്റ്റുഡിയോയിലെ എല്ലാരും കരഞ്ഞു. ഇപ്പോൾ ഇത് പാടുമ്പോൾ ഞാനും കരയും. ദേശീയ അവാർഡ് ജേതാവായ നാച്ചിയമ്മ പറഞ്ഞു.
വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ മാതാപിതാക്കളെ കാണാനെത്തിയതായിരുന്നു നാച്ചിയമ്മ.
വേളമാനൂർ ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളോടെയാണ് നച്ചിയമ്മയെ
സ്നേഹാശ്രമം വരവേറ്റത്.സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് ഗാന്ധിഭവന്റെ പുരസ്ക്കാരം സമ്മാനിച്ചു. വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, വർക്കിംഗ് ചെയർമാൻ പി.എം.രാധാകൃഷ്ണൻ, മാനേജർ ബി.സുനിൽകുമാർ, ട്രഷറർ രാജേന്ദ്രകുമാർ, രാമചന്ദ്രൻ പിള്ള, എം.കബീർ എന്നിവർ സംസാരിച്ചു. സ്നേഹാശ്രമം മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിച്ച് വീണ്ടും വരുമെന്ന് ഉറപ്പും നൽകിയാണ് നാച്ചിയമ്മ മടങ്ങിയത്.