 
കൊല്ലം: സി.ബി.എസ്.ഇ ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ നടന്ന അവാർഡ്ദാനസമ്മേളനം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ദിവസേന അരമണിക്കൂറെങ്കിലും ചെലവഴിക്കണമെന്നും അവരിലെ സർഗവാസനകളെ പ്രോജ്വലിപ്പിച്ച് ഇഷ്ടമുള്ള മേഖലകളിലേക്ക് അവരെ വഴി തിരിച്ച് വിടണമെന്നും ഇക്കാര്യത്തിൽ സ്കൂൾ പ്രിൻസിപ്പൽമാരും അദ്ധ്യാപകരും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ പുതിയ പുസ്തകം 'വൈകും മുമ്പേ' സഹോദയാ പ്രസിഡന്റിന് കൈമാറി. ജില്ലയിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ അവാർഡിന് അർഹരായി.
സഹോദയാ പ്രസിഡന്റ് ഡോ.ഡി.പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുഷമാമോഹൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി കെ.അമൃത് ലാൽ മെമ്പർ പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് എന്നിവർ സംസാരിച്ചു.
ജില്ലാ സഹോദയാ ജോയിന്റ് സെക്രട്ടറി ജിജോ ജോർജ്ജ് നന്ദി പറഞ്ഞു.