നിർമ്മാണോദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും
2041 ലക്ഷ്യമിട്ടുള്ള വികസനം
കൊല്ലം: കൊല്ലം റെയിൽവേസ്റ്റേഷനെ വിമാനത്താവളത്തിന്റെ മാതൃകയിൽ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന 361.17 കോടിയുടെ വമ്പൻ വികസന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. വൈദ്യുതീകരണം പൂർത്തിയായ കൊല്ലം- പുനലൂർ പാതയുടെ സമർപ്പണവും കൊല്ലം- പുനലൂർ പാതയിൽ സർവ്വീസ് ആരംഭിക്കുന്ന മെമുവിന്റെ ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും.
കൊല്ലം റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ പരമാവധി എണ്ണം ഏറ്റവും തിരക്കുള്ള സമയത്ത് ഇപ്പോൾ മണിക്കൂറിൽ നാലായിരമാണ്. 2041ൽ ഇത് 7800 ആയി ഉയരുമെന്ന് കൂടി കണക്കിലെടുത്തുളള വികസനമാണ് ഒരുക്കുന്നത്.
അന്താരാഷ്ട്ര സൗകര്യങ്ങൾ
എയർ കോൺകോസ്, എഫ്.ഒ.ബി, എലിവേറ്റഡ് ട്രോളി, എസ്.എസ്.ഇ വർക്ക് ഓഫീസ് യാർഡ്, ഗ്യാംഗ് റസ്റ്റ് റൂം, സബ്‌സ്റ്റേഷൻ ബിൽഡിംഗ്, സർവീസ് ബിൽഡിംഗ്, വടക്കുവശത്തെ ടെർമിനൽ ബിൽഡിംഗ്, എം.എൽ.സി.പി ഫേസ് ഒന്ന്, ആർ.എം.എസ് ജി.എം.എൽ.സി.പി ഫേസ് ഒന്ന്,സ്റ്റാഫ് റസ്റ്റ് റൂം, ഓഫീസേഴ്‌സ് റസ്റ്റ് റൂം, പാഴ്‌സൽ സർവീസിനായി പ്രത്യേക കെട്ടിടം, ആർ.എം.എസ് കെട്ടിടം, സൗത്ത് ടെർമിനൽ കെട്ടിടം, രണ്ടാം ക്ലാസ് യാത്രക്കാർക്കുള്ള കാത്തിരുപ്പ് കേന്ദ്രം, വി.ആർ.ആർ എൻ.വി.ആർ.ആർ കെട്ടിടങ്ങൾ, ഉയർന്ന ക്ലാസിലെ യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രം, ബുക്കിംഗ് ഓഫീസ്, സർക്കുലേഷൻ ഏരിയ, എസ്.എം ഓഫീസ്, എസ്.എം.ആർ ഓഫീസ്, ഡ്യൂട്ടി എസ്.എം ഓഫീസ്, വി.ഐ.പി ലോഞ്ച്, പുതിയ കെട്ടിടവുമായി ബന്ധിപ്പിക്കുന്ന എയർ കോണകോസ് സെഗ്മെന്റ് മൂന്ന്, പ്ലാറ്റ്‌ഫോമിന്റെ നിലവാരമുയർത്തൽ, റോഡ് ടാറിംഗ്, പാർക്കിംഗ്, ലാൻഡ്സ്കേപ്പ്.
നിർമ്മാണം ഗ്രീൻ പ്രോട്ടോക്കാളിൽ
ഗ്രീൻ പ്രോട്ടോക്കാൾ പാലിച്ചാകും നിർമ്മാണ പ്രവർത്തനങ്ങൾ. രൂപരേഖയും ഇത്തരത്തിൽ ഗൃഹ-മൂന്ന് നിലവാരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. അഥഈഴ ഗുണമേന്മയുള്ള സാമഗ്രികളാകും ഉപയോഗിക്കുക. മാലിന്യ സംസ്കരണത്തിനും പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകും.
വേഗത്തിലാക്കാൻ മാസ്റ്റർ പ്ലാൻ
നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ റെയിൽവേ ടൈം ലൈൻ സഹിതമുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതു പ്രകാരം ഘട്ടംഘട്ടമായാകും പുതിയ നിർമ്മാണത്തിന് ഇടമൊരുക്കാൻ പഴയ നിർമ്മിതികളുടെ പൊളിച്ചുനീക്കൽ. ഓരോ നിർമ്മാണവും പൊളിച്ചു മാറ്റുന്നതിനും അവിടെ പുതിയ നിർമ്മാണം പൂർത്തിയാക്കാനും പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട റെയിൽവേ സ്റ്റാഫ് കോട്ടേഴ്‌സുകൾ, കരാട്ടേ ട്യൂഷൻഹാൾ എന്നിവ പൊളിച്ചു മാറ്റും. ഗ്യാംഗ് റസ്റ്റ് റൂം, ഇലക്ട്രിക്കൽ ഓഫീസ് ആൻഡ് യാർഡ്, സിഗ്‌നൽ ഓഫീസ് ആന്റ് യാർഡ്, ആർ.പി.എഫ് സ്റ്റേഷൻ, ജി.ആർ.പി, എസ്.എസ്. സി വർക്ക് ഓഫീസ്, മേൽനടപ്പാതകൾ, നോർത്ത് ബുക്കിംഗ് ഓഫീസ്, ട്രോളിഷെഡ്, നിലവിലുള്ള പഴയ സ്റ്റേഷൻ കെട്ടിടം, പഴയ ടെർമിനൽ ബിൽഡിംഗ് സെക്ഷൻ 2, ടി.ടി.ഐ ഓഫീസ്, സെക്കണ്ട് ക്ലാസ് വെയിറ്റംഗ് ഷെഡ്, അപ്പർക്ലാസ് വെയിറ്റിംഗ് ഏരിയ, ഓവർഹെഡ് വാട്ടർടാങ്ക്, സൗത്ത് ടെർമിനൽ ബിൽഡിംഗ് നിലവിലെ റിസർവ്വേഷൻ ബിൽഡിംഗ്, ആർ.എം.എസ് ബിൽഡിംഗ് എന്നിവ പൊളിച്ചുമാറ്റി പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കും. പൊതുമേഖലാ സ്ഥാപനമായ റെയിൽവേ ഇൻഫ്രാസ്ട്രക്ചറൽ ടെക്‌നിക്കൽ എൻജിനീയറിംഗ് സർവീസും സിദ്ധാർത്ഥ് സിവിൽ വർക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് നിർമ്മാണ കരാറുകാർ.
'' കൊല്ലത്തിന്റെ റെയിൽവേ വികസനത്തിന്റെ നാഴികകല്ലാണ് പുതിയ വികസന പദ്ധതികൾ. കേന്ദ്രസർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും റെയിൽവേ ഉദ്യോഗസ്ഥരുടേയും കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനത്തിന് അനുകൂലമായ നിലപാട് അഭിനന്ദനാർഹമാണ്.''
എൻ.കെ. പ്രേമചന്ദ്രൻ എം.പി.
കരാർ കാലാവധി: 3 വർഷം
കരാർ തുക: 361.17 കോടി
ഉദ്ഘാടനം ഓൺലൈനായി,
റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പരിപാടി
എറണാകുളം സിയാൽ കൺവൻഷൻ സെന്ററിൽ ഒരുക്കുന്ന സമ്മേളനത്തിൽ വൈകുന്നേരം 6ന് ഓൺലൈനായിട്ടാകും നിർമ്മാണോദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുക. ഇതേ സമയം കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, എൻ. കെ. പ്രേമചന്ദ്രൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം. പി, എം. എൽ.എമാരായ എം. മുകേഷ്, പി.എസ്. സുപാൽ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങ് പൊതുജനങ്ങൾക്ക് കാണാൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പവലിയൻ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 5 മുതൽ ഉദ്ഘാടനചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാം.