കൊല്ലം: ലെവൽക്രോസും അനധികൃത കൈയേറ്റങ്ങളും ഇളമ്പള്ളൂർ ജംഗ്ഷനിൽ സൃഷ്ടിക്കുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടിയുമായി ഇളമ്പള്ളൂർ പഞ്ചായത്ത്. ജംഗ്ഷനിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനും അനധികൃത പാർക്കിംഗ്, ഇറക്കുകൾ, കൈയേറ്റങ്ങൾ എന്നിവ ഒഴിവാക്കാൻ കർശന ഇടപെടൽ നടത്താനും ഇളമ്പള്ളൂർ പഞ്ചായത്ത് ഇന്നലെ വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. അടുത്തമാസം ഒന്ന് മുതൽ പുതിയ ക്രമീകരണങ്ങൾ ആരംഭിക്കും. ഓണക്കാലം അസാനിക്കുന്നത് വരെ പരീക്ഷണാർത്ഥം പരിഷ്കാരം നടപ്പാക്കും. വിജയമാണെങ്കിൽ മുന്നോട്ട് പോകാനും ധാരണയായി.

പുത്തൻ പരിഷ്കാരം

 അഞ്ചാലുംമൂട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഇളമ്പള്ളൂർ ജംഗ്ഷനിൽ എത്താതെ പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ മുക്കടയിലേക്ക് പോകണം.

 പേരയത്ത് നിന്നുള്ള വാഹനങ്ങൾ വെറ്ററിനറി ആശുപത്രി വഴി നാന്തിരിക്കലിലേക്ക് പോകണം.

 കല്ലടയിൽ നിന്ന് കൊട്ടാരക്കരയിലേക്കുള്ള വാഹനങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ കച്ചേരിമുക്ക് വഴി തിരിഞ്ഞുപോകണം.

 കല്ലടയിൽ നിന്ന് കൊല്ലത്തേക്കുള്ള വലിയ വാഹനങ്ങൾ കച്ചേരി മുക്ക് - മുക്കട വഴി സഞ്ചരിക്കണം.

 കൊല്ലത്ത് നിന്നുള്ള സ്വകാര്യ ബസുകൾ ഇളമ്പള്ളൂർ ക്ഷേത്രത്തിന്റെ പിറക് വശം വഴി മുക്കടയിലെത്തണം.

ജംഗ്ഷനിൽ പാർക്കിംഗ് പാടില്ല

ഇളമ്പള്ളൂർ ജംഗ്ഷനിൽ റോഡ് വക്കിൽ പാർക്കിംഗ് അനുവദിക്കില്ല. വ്യാപാരികളുമായി ചേർന്ന് ഇക്കാര്യം നടപ്പാക്കും. റോഡ് വക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് വ്യാപാരികൾ ഉപഭോക്താക്കളോട് ആവശ്യപ്പെടണം. ഇളമ്പള്ളൂർ ക്ഷേത്രം ഗ്രൗണ്ട്, സിറാമിക്സ് ഗ്രൗണ്ട് എന്നിവ പാർക്കിംഗിനായി പ്രയോജനപ്പെടുത്താം.റെയിൽവേയുടെ ഒഴിഞ്ഞ സ്ഥലത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാം. റോഡ് വക്കിലെയും ഫുട്പാത്തുകളിലെയും അനധികൃത ഇറക്കുകൾ നീക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകാനും യോഗത്തിൽ ധാരണയായി.

ശാശ്വത പരിഹാരം വീതികൂട്ടലും ആർ.ഒ.ബിയും

നാലുവരിപ്പാതയ്ക്ക് പുറമേ ആർ.ഒ.ബിയും നിർമ്മിച്ചാലേ ഇളമ്പള്ളൂരിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകു. താൽക്കാലിക ഗതാഗത ക്രമീകരണങ്ങൾ അധികകാലം നീണ്ടുനിൽക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൊല്ലം- തിരുമംഗലം പാതയിൽ ഗതാഗത കുരുക്ക് ഏറ്റവും രൂക്ഷമായ ജംഗ്ഷനാണ് ഇളമ്പള്ളൂർ.