ചവറ: 22 മുതൽ 24 വരെ അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്ന നീണ്ടകര താലൂക്ക് ആശുപത്രിയിലെ ഗേഡ് 2 ഡ്രൈവർ കെ.എസ്. ജയ്മോനെ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

22ന് പുലർച്ചെ കൊല്ലം ബൈപ്പാസിൽ അപകടത്തിൽപ്പെട്ട മൂന്നരവയസുകാരിയെയും വൃദ്ധയെയും ആദ്യം നീണ്ടകര താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. പക്ഷേ ആംബുലൻസ് വിട്ടുനൽകിയില്ല. ആശുപത്രിയിലെ താത്കാലിക ഡ്രൈവർ വി.ഐ.പി ഡ്യൂട്ടിയിലായതിനാൽ പോകാൻ കഴിയുമായിരുന്നില്ല. സ്ഥിരം ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സമയത്ത് ആംബുലൻസ് ലഭിക്കാതെ നഗരത്തിലെ ആശുപത്രിയിലെത്തിക്കാൻ വൈകി ഇരുവരും മരിച്ചു. ഇതിൽ പ്രതിഷേധം ശക്തമാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കെ.എസ്. ജയ്മോൻ അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവിൽ പറയുന്നു.

നീണ്ടകര താലൂക്ക് ആശുപത്രിക്കെതിരെ പരാതി വ്യാപകമാവുകയാണ്. പക്ഷെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ട ആരോഗ്യവകുപ്പ് നിസംഗത പാലിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് നിയോഗിച്ച താത്കാലിക ജീവനക്കാരില്ലെങ്കിൽ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്ന സ്ഥിതിയാണ്.

സന്തോഷ് തുപ്പാശേരി

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്