പത്തനാപുരം : പട്ടാഴി, പട്ടാഴി വടക്കേകര പഞ്ചായത്തുകളിൽ തെരുവ് നായ ശല്യം രൂക്ഷം. നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പേവിഷബാധയുള്ള നായ്ക്കളും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇരുപതിലധികം പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം പട്ടാഴി ചന്തയിലെ വ്യാപാരികൾക്കും കാർഷിക വിളകൾ വില്ക്കാനെത്തിയ കർഷകർക്കും സാധനങ്ങൾ വാങ്ങാനെത്തിയവർക്കുമടക്കം 8 പേർക്ക് പേപട്ടിയുടെ കടിയേറ്റു. പട്ടാഴി മാർക്കറ്റ് ,പഞ്ചായത്ത് പടി, പട്ടാഴി സ്കൂൾ , ക്ഷേത്ര പരിസരം, മീനം, പന്തപ്ലാവ് ,പുളിവിള, ആറാട്ട് മുറി, കടുവാതോട്, ചെളിക്കുഴി, മാലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കൾ വിഹരിക്കുന്നത്. പൊതുവഴികളിലൂടെ ആളുകൾക്ക് ഒറ്രയ്ക്ക് നടന്നോ , ഇരുചക്ര വാഹനങ്ങളിലോ പോകാനാകാത്ത സ്ഥിതിയാണ്. പേടിയോടെയാണ് കുട്ടികളെ സ്കൂളിലയക്കുന്നത്.
അറവ് മാലിന്യങ്ങളും ഇറച്ചിക്കോഴികളുടെ അവശിഷങ്ങളുമാണ് പ്രദേശത്ത് തെരുവുനായ്ക്കൾ തമ്പടിക്കാൻ കാരണം. ഹോട്ടൽ, വീട്, കാറ്ററിംഗ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള ആഹാര അവശിഷ്ഠങ്ങൾ റോഡുവശത്ത് തള്ളുന്നുണ്ട്.വളർത്തുനായകളെ ഉപയോഗമില്ലാതെ വരുമ്പോഴോ, രോഗങ്ങൾ വരുമ്പോഴോ പ്രദേശത്ത് ഉപേക്ഷിച്ച് പോകുന്നതായി ആക്ഷേപമുണ്ട്. പേപ്പട്ടിയുടെ കടിയേറ്റാൽ സ്വന്തം ചെലവിൽ വാക്സിൻ എടുക്കേണ്ട സ്ഥിതിയാണ്. പട്ടാഴി ,പത്തനാപുരം,പുനലൂർ,കൊട്ടാരക്കര തുടങ്ങിയ സർക്കാർ ആശു പത്രികളിൽ അത്യാവശ്യ ഘട്ടങ്ങളിൽ വാക്സിൻ ലഭ്യമാകാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും നാട്ടുകാർ പറയുന്നു.
സ്കൂൾ കുട്ടികൾക്ക് പോലും ഭയക്കാതെ നടന്നുപോകാനാകാത്ത സ്ഥിതിയാണ്.തെരുവ് നായ്ക്കളുടെ ശല്യത്തിന് അധികൃതർ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും.
മീനം രാജേഷ്
പൊതുപ്രവർത്തകൻ
തെരുവ് നായയുടെ കടിയേറ്റാൽ സൗജന്യ പ്രതിരോധ വാക്സിനും,ചികിത്സയും നഷ്ടപരിഹാരവും നല്കാൻ അധികൃതർ തയ്യാറാകണം.
പി.എ.സജിമോൻ
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്.