photo
കൊട്ടാരക്കര മഹാത്മ സ്പോർട്സ് അക്കാഡമിയുടെ ഫുട്ബോൾ താരസംഗമത്തിൽ ഐ.എം.വിജയൻ സംസാരിക്കുന്നു

കൊട്ടാരക്കര: മഹാത്മ സ്പോർട്സ് അക്കാഡമിയുടെ ഫുട്ബാൾ താരസംഗമം കായിക പ്രേമികൾക്ക് ആവേശമായി. കാൽപ്പന്തുകളിയുടെ രാജാക്കൻമാരെന്ന് വിശേഷിപ്പിക്കപ്പെട്ട ഐ.എം.വിജയൻ, യു.ഷറഫലി, കെ.ടി.ചാക്കോ, തോബിയാസ്, കുരികേശ് മാത്യു തുടങ്ങി മുപ്പതോളം താരങ്ങളാണ് കൊട്ടാരക്കരയിലെത്തിയത്. ജേഴ്സിയണിഞ്ഞ് നിരത്തിലൂടെ കൈവീശിയെത്തിയ താരങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ കവലയിലെ അമ്പലക്കര ഗ്രൗണ്ടിലാണ് സ്വീകരണം ഒരുക്കിയത്. മഹാത്മയിലെ ഫുട്ബാൾ പഠിതാക്കൾക്ക് മുന്നിൽ കായിക താരങ്ങൾ മനസ് തുറന്നു. അനുഭവങ്ങൾ പങ്കുവച്ചപ്പോൾ കുട്ടികളും മുതിർന്നവരും കണ്ണും കാതും കൂർപ്പിച്ചു. കഠിനാധ്വാനവും അച്ചടക്കവുമുണ്ടെങ്കിൽ കൊട്ടാരക്കരക്കും ഭാവിയിൽ വൻ താരനിര സ്വന്തമാകുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് വർത്തമാനം അവസാനിപ്പിച്ചത്. സന്തോഷ് ട്രോഫി മത്സരങ്ങളുടെ സർക്കാർ പ്രതിനിധിയും കോ-ഓർഡിനേറ്ററുമായ ഷറഫലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹാത്മാ പ്രസിഡന്റ് പി.ഹരികുമാർ, കോച്ച് സുനിൽ, സുരേന്ദ്രൻ നായർ, രാജേഷ് കുമാർ, കെ.ജി. റോയ്, ബി. പ്രദീപ്കുമാർ , ലക്ഷ്മി അജിത്, രേഖ ഉല്ലാസ്, ജലജ ശ്രീകുമാർ, ശ്രീലക്ഷ്മി, എസ്.എ. കരീം, കെ ഹരികുമാർ, ഉണ്ണികൃഷ്ണൻ നായർ, ജോർജ് വർഗീസ് പണിക്കർ, രഞ്ജിത്ത്, എസ്. ശ്രീകുമാർ, സുധീർ, അയൂബ് ഖാൻ, സുനിൽ പള്ളിക്കൽ എന്നിവർ നേതൃത്വം നൽകി.