കൊല്ലം: പത്ത് കിലോ കഞ്ചാവുമായി രണ്ടുപേരെ എക്ലൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഇ.എസ്.ഐ ജംഗ്ഷന് സമീപം വെട്ടിയിൽ യദു കൃഷ്ണൻ (23) കേരളപുരം വേലംകോണം അനിഷ് ഭവനിൽ അഭിലാഷ് (32) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ കേരളപുരം കെ.പി.പി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. എട്ടുപേരടങ്ങുന്ന സംഘം കഴിഞ്ഞ 18 ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് കാർ മാർഗം കഞ്ചാവ് എത്തിച്ചത്. രണ്ടര കിലോ വീതമുള്ള 20 പായ്ക്കറ്റാണ് സംഘം കൊല്ലത്ത് എത്തിച്ചത്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.

കിലോയ്ക്ക് 4000 രൂപയ്ക്ക് ആന്ധ്രാപ്രദേശിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ച് 25,000 രൂപ മുതൽ 50,000 രൂപയ്ക്ക് വരെയാണ് കച്ചവടം നടത്തുന്നത്. സ്പെഷ്യൽ സ്ക്വാഡ് സി.ഐ ടോണി ജോസ്, ഇൻസ്പെക്ടർ വിഷ്ണു, പ്രിവന്റീവ് ഓഫീസർ മനു, രഘു, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ്, താഹിൽ, അജിത്ത്, വനിതാ ഓഫീസർമാരായ ഗംഗ, ജാസ്മിൻ, ഡ്രൈവർ നിഷാന്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.