കൊല്ലം: എഴുകോണിന്റെ സകല ഐശ്വര്യവും കെടുത്തിയതിന് പുറമേ സ്ഥിരമായി ഗതാഗത കുരുക്കും സൃഷ്ടിക്കുകയാണ് റെയിൽവേ ഓവർബ്രിഡ്ജ്. കൊല്ലം-തിരുമംഗലം പാതയിലെ കുണ്ടറ, കൊട്ടാരക്കര, പുനലൂർ തുടങ്ങിയ ജംഗ്ഷനുകളെപ്പോലെ വലിയ വ്യാപാര കേന്ദ്രമല്ലാതിരുന്നിട്ടും എഴുകോണിൽ പതിവായി ഗതാഗത കുരുക്ക് ഉണ്ടാകുന്നതിന്റെ കാരണം ആർ.ഒ.ബിയാണ്. ഒട്ടുമിക്ക സ്ഥലങ്ങളിലും മേല്പാലങ്ങൾ വരുന്നതോടെ ഗതാഗത പ്രതിസന്ധി പരിഹരിക്കപ്പെടും. പക്ഷെ എഴുകോൺ ജംഗ്ഷനിലെ സ്ഥിതി നേർവിപരീദമാണ്.
നീളം കുറച്ചാൽ പരിഹാരമാകും
ജംഗ്ഷന്റെ ഒത്തനടുക്ക് നിന്നാണ് ആർ.ഒ.ബിയുടെ 250 മീറ്റർ നീളമുള്ള അപ്രോച്ച് റോഡ് ആരംഭിക്കുന്നത്. അപ്രോച്ച് റോഡിന്റെ നീളം നൂറ് മീറ്റർ കുറച്ചാൽ നിലവിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കപ്പെടും. കൊല്ലം തിരുമംഗലം പാതയിലെ തന്നെ പല ആർ.ഒ.ബികളുടെ അപ്രോച്ച് റോഡിന് 150 മീറ്ററോളം നീളമേയുള്ളു. ഇതുസംബന്ധിച്ച് പലതവണ ചർച്ചകളും സ്ഥല പരിശോധനകളും നടന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
ശിവഗിരിപ്പാതയിലും ഗതാഗതം സ്തംഭിക്കും
നീളക്കൂടുതലിന് പുറമേ ആനാവശ്യമായ ഒരു വളവും അപ്രോച്ച് റോഡിനുണ്ട്. അതുകൊണ്ട് തന്നെ ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ വീതി കുറഞ്ഞ അപ്രോച്ച് റോഡിന് മുന്നിലെത്തുന്നതോടെ ഒന്ന് കിതയ്ക്കും. വളവ് കൂടി ഉള്ളതിനാൽ വലിയ വാഹനങ്ങൾക്ക് ഒച്ചിഴയും പോലയെ ആർ.ഒ.ബിയിലൂടെ കടന്നുപോകാനാകു. അതുകൊണ്ട് തന്നെ തിരക്കേറിയ സമയങ്ങളിൽ പാലത്തിന് ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിരയാകും.നെടുമൺകാവ് വഴിയുള്ള പാങ്ങോട് - ശിവഗിരി സംസ്ഥാനപാത ജംഗ്ഷൻ മുറിച്ചുകടക്കുന്നതും അപ്രോച്ച് റോഡിന്റെ മുന്നിൽ നിന്നാണ്. കൊല്ലം - തിരുമംഗലം പാത കുരുങ്ങുമ്പോൾ നെടുമൺകാവിലേക്കും തിരിച്ചുമുള്ള ഗതാഗതവും സ്തംഭിക്കും. ആർ.ഒ.ബിയുടെ നീളം കുറച്ചാൽ പാങ്ങോട്- ശിവഗിരിപ്പാതയിലെ ഗതാഗതവും സുഗമമാകും.
അര നൂറ്റാണ്ട് മുൻപ് കിട്ടിയ പണി
1970 ലാണ് ഇപ്പോഴത്തെ എഴുകോൺ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിച്ചത്. അക്കാലത്ത് വിവിധ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥരും എഴുകോണുകാരും തമ്മിൽ സ്ഥിരം തർക്കമായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് റെയിൽവേ ഉദ്യോഗസ്ഥർ ജംഗ്ഷനിന്റെ ഒത്ത നടക്കുനിന്ന് അപ്രോച്ച് ആരംഭിച്ച് ആനാവശ്യ വളവ് കൂടി സൃഷ്ടിച്ചതെന്ന് പ്രചരണമുണ്ട്.