 
കൊല്ലം: ഓണക്കാലമായതോടെ നഗരത്തിൽ വൻ തിരക്കാണ്.
തലങ്ങും വിലങ്ങും തോന്നുംപടി പലരും വാഹനങ്ങൾ പാർക്കുചെയ്യുന്നത് തിരക്കേറിയ പലയിടങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
ഓണക്കാല തിരക്ക് പരിഗണിച്ച് സാധാരണ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്താറുണ്ടെങ്കിലും ഇത്തവണ അത്തരം നടപടികളൊന്നും ജില്ലാഭരണകൂടമോ പൊലീസോ സ്വീകരിച്ചിട്ടില്ല.
നഗരത്തിന്റെ പ്രധാനയിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ പുതുതായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ആരും ശ്രദ്ധിക്കുന്നതുപോലുമില്ല.
നഗര കേന്ദ്രമായ ക്ളോക്ക് ടവർ ജംഗ്‌ഷന് സമീപത്തുള്ള ഒരു സ്ഥാപനത്തിന്റെ മുന്നിൽ തോന്നിയതുപോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. തങ്ങൾക്ക് മാത്രം അവകാശപ്പെട്ട സ്ഥലമെന്ന തരത്തിലാണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസുദ്യോഗസ്ഥരടക്കമുള്ളവരോട് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. കുറച്ചുദിവസം മുമ്പ് ഈ ഭാഗത്ത് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചെങ്കിലും വിലപ്പോയില്ല. കഴിഞ്ഞ ദിവസം ലോഡിറക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനുമായി രണ്ടിലധികം നിരകളായിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്തത്. ആണ്ടാമുക്കം ഭാഗത്തേക്ക് തിരിയുന്ന സ്വകാര്യബസുകൾ കഷ്ടിച്ചാണ് ഇതുവഴി കടന്നുപോയത്.
ഓണക്കാലത്ത് മെയിൻറോഡ് ഭാഗത്താണ് കൂടുതലായും തിരക്ക് അനുഭവപ്പെടാറുള്ളത്. എന്നാൽ, ഇത്തവണ അവിടെയും നിയന്ത്രണങ്ങളൊന്നുമില്ല. ഒരുവശത്ത് വസ്ത്രങ്ങളും മറ്റും വാങ്ങാനെത്തുന്നവരുടെയും മറുവശത്ത് സാധനങ്ങൾ ഇറക്കാനെത്തുന്ന വാഹനങ്ങളുടെ പാർക്കിംഗും കാരണം ഇത് വഴി സുഗമമായ യാത്ര പൂർണമായും തടസപ്പെട്ടിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ലോഡുകളെത്തിക്കുന്നതിനും ഇറക്കുന്നതിനും സമയപരിധി നിശ്ചയിച്ചിരുന്നു. ഇത്തവണ അതും ഉണ്ടായില്ല. ട്രാഫിക് എൻഫോഴ്സ്‌മെന്റിന്റെയടക്കം ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
ട്രാഫിക് ശ്രദ്ധ വേണം
ചാമക്കട- താലൂക്ക് കച്ചേരി റോഡ്
കല്ലുപാലം - ചിന്നക്കട മെയിൻ റോഡ്
പായിക്കട റോഡ്
ക്ലോക്ക് ടവർ- ബീച്ച്
പോളയത്തോട്- പള്ളിമുക്ക്
രാമൻകുളങ്ങര ജംഗ്ഷൻ
കടപ്പാക്കട ജംഗ്ഷൻ
രണ്ടാംകുറ്റി - കല്ലുംതാഴം
വേളാങ്കണ്ണി കുരിശടി- കോൺവെന്റ് ജംഗ്‌ഷൻ
പഴയ ട്രാഫിക്ക് സ്റ്റേഷൻ- ആണ്ടാമുക്കം
കളക്ടറേറ്റ്- ഹൈസ്‌കൂൾ ജംഗ്ഷൻ