 
പരവൂർ : കുറുമണ്ടൽ കല്ലും കുന്നിൽ രോഗബാധിതയായ സഹീറക്കും മൂന്ന് മക്കൾക്കും കിടപ്പാടമായി. സി.പി.എം പരവൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഒറ്റമുറിയുള്ള കൂരയിൽ കഴിഞ്ഞിരുന്ന അമ്മയുടെയും മക്കളുടെയും ദുരിതജീവിതത്തിന് പരിഹാരമായി മൂന്ന് സെന്റ് സ്ഥലം വാങ്ങിയാണ് വീടുനിർമ്മിച്ചുനൽകിയത്. കുട്ടികളുടെ പഠനച്ചെലവും ഏറ്റടുത്തിരുന്നു. താക്കോൽദാന ചടങ്ങിൽ സി.പി.എം പരവൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എസ്. മഹാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.തുളസീധരക്കുറുപ്പ്, ഏരിയ സെക്രട്ടറി കെ. സേതുമാധവൻ, ജില്ലാ കമ്മിറ്റി അംഗം പി.വി.സത്യൻ, ഏരിയ കമ്മിറ്റി അംഗം കെ.പി.കുറുപ്പ് , എ.സഫറുള്ള, എസ്.ശ്രീലാൽ, ജെ.യാക്കൂബ് ,സുവർണൻ, ഗിരീഷ്, ബി.സുദേവ്, മുകേഷ്, ആൽബർട്ട് എന്നിവർ സംസാരിച്ചു.