 
കുന്നത്തൂർ: കുന്നത്തൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന പാകിസ്ഥാൻ മുക്ക് - ഞാങ്കടവ് റോഡിൽ യാത്ര ദുഷ്ക്കരം. റോഡ് തകർന്നടിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായെങ്കിലും ഗതാഗതയോഗ്യമാക്കാൻ നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. കടമ്പനാട് - പുത്തൂർ റൂട്ടിൽ പാകിസ്ഥാൻ മുക്കിൽ നിന്നും ഞാങ്കടവ് പാലം വരെയെത്തുന്ന 4 കിലോമീറ്റർ ഭാഗത്ത് ചെറുതും വലുതുമായ ആയിരക്കണക്കിന് കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ മുക്കിൽ കടമ്പനാട് - ഏനാത്ത് മിനി ഹൈവേയും പുത്തൂരിൽ കൊട്ടാരക്കര - കരുനാഗപ്പള്ളി റൂട്ടിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.പുത്തൂർ ഭാഗത്തു നിന്ന് അടൂരിലേക്ക് എത്താനുള്ള എളുപ്പമാർഗം കൂടിയായതിനാൽ തിരക്കേറിയ പാത കൂടിയാണിത്.
കുഴിയേത് റോഡേത്
മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. കുഴിയേത് റോഡേത് എന്നറിയാൻ പറ്റാതെ കിടക്കുന്ന റോഡിൽ ഇരുചക്ര വാഹനയാത്രികരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കളീക്കലഴികത്ത് പാൽ സൊസൈറ്റിക്ക് സമീപമുള്ള വളവിലെ കുഴി വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. റോഡ് നവീകരണത്തിന് ബഡ്ജറ്റുകളിൽ കോടികൾ അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടാകുമെങ്കിലും നവീകരണം മാത്രം നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും ഇവിടെയെത്തിയില്ല
കഴിഞ്ഞ ബഡ്ജറ്റിൽ 5 കോടി രൂപയും അതിനു മുൻപ് 2 കോടിയും അനുവദിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു. പക്ഷേ ഒന്നും തന്നെ ഇവിടേക്ക് എത്തിയിട്ടില്ല.അടുത്തിടെ കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ജില്ലാ പഞ്ചായത്തംഗവും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യത്തിൽ റോഡിൽ പരിശോധന നടത്തി മടങ്ങിയതായി പ്രദേശവാസികൾ പറയുന്നു.
അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ നാട്ടുകാരുടെയും യാത്രക്കാരുടെയും നേതൃത്വത്തിൽ റോഡ് ഉപരോധം ഉൾപ്പെടെ ശക്തമായ സമരപരിപാടികൾ ആരംഭിക്കും.
മജീന ദിലീപ് ,
കുന്നത്തൂർ പഞ്ചായത്തംഗം