muhammed-nishad-19

 മറ്റൊരാൾക്ക് ഗുരുതര പരിക്ക്

പത്തനാപുരം: പുനലൂർ - മൂവാറ്റുപുഴ പാതയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. സഹയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ഷെമീർ മൻസിലിൽ മുഹമ്മദ്‌ നിഷാദാണ് (19) മരിച്ചത്. എലിക്കാട്ടൂർ സ്വദേശി അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം കടയ്ക്കാമണ്ണിന് സമീപം ചെലവന്നൂർ പടിയിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം.

കണ്ണൂരിൽ നിന്ന് പുനലൂരിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും പുനലൂർ ഭാഗത്ത് നിന്ന് പത്തനാപുരത്തേക്ക് പോയ ബൈക്കുമാണ് കൂട്ടിയിടിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് നിഷാദ് മരിച്ചത്.

കഴിഞ്ഞയാഴ്ചയാണ് ചങ്ങനാശേരിയിൽ മൊബൈൽ ടെക്നോളജി പഠിക്കാൻ അഡ്മിഷനെടുത്തത്. ഇവിടേക്ക് പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്. കൊടും വളവിൽ റോഡിന്റെ ഓടയ്ക്കായി കുഴിയെടുത്ത മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. മൺകൂനയിൽ കയറാതെ ബൈക്ക് ഒഴിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. പത്തനാപുരം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.