കൊല്ലം: നാട്ടിൻപുറങ്ങളിലും പൂക്കളമൊരുക്കാൻ മറുനാടൻ പൂക്കളെ ആശ്രയിക്കണം. എന്നാൽ പുത്തൂരുകാർക്ക് ഇക്കുറി നാടൻ ബന്ദിപ്പൂക്കളുണ്ട്. ഇന്നു മുതൽ പൂക്കളമൊരുക്കൽ തുടങ്ങുമ്പോൾ പുത്തൂർ എസ്.എൻ.പുരം കിഴക്കേ ചവരാംകുഴി വീട്ടിൽ എസ്.ബിജുവിന്റെ പൂക്കൾക്ക് ഡിമാന്റ് ഏറുകയാണ്. കഴിഞ്ഞ വർഷം 50 കിലോയിൽ കൂടുതൽ ബന്ദിപ്പൂക്കൾ ബിജു വില്പന നടത്തി. ഇക്കുറി ഇരട്ടിയിലധികമുണ്ട്. പൂക്കൾ നിറഞ്ഞുതുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ ഇന്നലെ മുതലാണ് ഇറുത്തുതുടങ്ങിയത്. വിഷമരുന്ന് തളിച്ചെത്തുന്ന മറുനാടൻ പൂക്കളേക്കാൾ മണവും നിറവുമുണ്ട് ബിജുവിന്റെ തോട്ടത്തിലെ പൂക്കൾക്ക്. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരിലൊരാളാണ് ബിജു. രക്തശാലി നെൽക്കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും ഇടക്കായിട്ടാണ് ചെണ്ടുമല്ലികൾ നട്ടുവളർത്തിയത്. കൃഷിവിളകളെ കീടങ്ങളിൽ നിന്നും രക്ഷിക്കാനുള്ള സൂത്രപ്പണികൂടിയാണ് ബന്ദിക്കൃഷി. കൃഷിയിടങ്ങളിലേക്കെത്തുന്ന കീടങ്ങൾ പൂക്കളിലേക്ക് ആകർഷിക്കപ്പെടുന്നതിനാൽ കൃഷിക്ക് നാശമുണ്ടാകില്ല. ഓണമെത്തിയപ്പോൾ ബന്ദി നല്ലൊരു വരുമാന മാർഗവുമായി. ബിജുവിന്റെ മകൻ എട്ടാം ക്ളാസ് വിദ്യാർത്ഥിയായ അഭിമന്യു പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുമാണ്.