കൊല്ലം: എഴുകോണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനുള്ള നിർദ്ദേശങ്ങളെ പാടെ അവഗണിക്കുകയാണ് ദേശീയപാത അതോറിട്ടി അധികൃതർ. ആർ.ഒ.ബിയിലേക്കുള്ള അപ്രോച്ച് റോഡിന്റെ നീളം കുറയ്ക്കണമെന്ന നിർദ്ദേശം ശാസ്ത്രീയമായി പരിശോധിക്കാൻ പോലും തയ്യാറാകുന്നില്ല. എം.പിയും എം.എൽ.എയും അടക്കമുള്ള ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയും സമാനമായ ആവശ്യം മുന്നോട്ടുവച്ചെങ്കിലും പ്രായോഗികമല്ലെന്ന് പറഞ്ഞ് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ തള്ളിക്കളയുകയാണ്.
പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചിട്ടില്ല
റെയിൽവേ ലൈനിന് മുന്നിലെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ അരനൂറ്റാണ്ട് മുൻപ് നിർമ്മിച്ച മേൽപ്പാലമാണ് എഴുകോൺ ജംഗ്ഷനിലെ ഇപ്പോഴത്തെ ഗതാഗത കുരുക്കിന്റെ കാരണം. അപ്രോച്ച് റോഡിന്റെ നീളം 250 മീറ്ററിൽ നിന്നും 150 മീറ്ററായി കുറച്ചാൽ കുരുക്കിന് വലിയ അളവിൽ ശമനമുണ്ടാകും. ഒരു പതിറ്റാണ്ടായി പ്രദേശവാസികൾ ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല.
മന്ത്രിമാർ വരെ ഇടപെട്ടിട്ടും ദേശീയപാത അതോറിട്ടിയിലെ സങ്കേതികവിഭാഗം അപ്രോച്ച് റോഡിന്റെ നീളം കുറയ്ക്കൽ എന്ന ആവശ്യം തള്ളിക്കളയുകയാണ്. എം.പി വീണ്ടും ചർച്ച നടത്താമെന്ന് പറഞ്ഞിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി സമരം സംഘടിപ്പിക്കും.
രതീഷ് കിളിത്തട്ടിൽ
(എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ്)
അപ്രോച്ച് റോഡിന്റെ നീളം കുറയ്ക്കൽ നിസാര കാര്യമാണ്. അത് നടക്കാത്തതിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ കുതന്ത്രമാണ്. എഴുകോൺ ജംഗ്ഷൻ വികസിക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പരസ്യമായി അപ്രോച്ച് റോഡിന്റെ നീളം കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും രഹസ്യമായി അതിന് തടയിടുകയും ചെയ്യും. പലരും പലതവണ യോഗം വിളിച്ചു. പക്ഷേ കാര്യം നടക്കുന്നില്ല.
എഴുകോൺ സജീവ്
(എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ ശാഖ സെക്രട്ടറി)
അപ്രോച്ച് റോഡിന്റെ നീളം കുറയ്ക്കാൻ ജനപ്രതിനിധികൾ ആത്മാർത്ഥമായ ഇടപെടൽ നടത്തണം. സമീപകാലത്ത് തന്നെ നിരവധി അപകടങ്ങൾ ഉണ്ടായി. അപ്രോച്ച് റോഡിൽ നിന്ന് വാഹനങ്ങൾ താഴേക്ക് വീഴുന്നത് പതിവാണ്. അപ്രോച്ച് ഇത്രയും നീളത്തിൽ നിൽക്കുന്നിടത്തോളം കാലം പുതിയ കെട്ടിടങ്ങളും വികസനവും ഉണ്ടാകില്ല. അപ്രോച്ച് റോഡിനെ നെടുമൺകാവ് റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ഉടച്ചുവാർത്താൽ വലിയ വികസന സാദ്ധ്യത തെളിയും.
ബി.ബിനു
(അദ്ധ്യാപകൻ, വി.എസ്.വി.എച്ച്.എസ്.എസ് എഴുകോൺ)