കൊല്ലം: സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് 27 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന യോഗനാദം ന്യൂസ് ഇന്റർനെറ്റ് പ്രോട്ടോകോൾ ടി.വി നാളെ ഉദ്‌ഘാടനം ചെയ്യും. കരുനാഗപ്പള്ളി വവ്വാക്കാവിലെ സൗത്ത് ഇന്ത്യൻ ജുവൽ ടവർ അങ്കണത്തിൽ രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. യോഗനാദം ന്യൂസിന്റെ പ്രഥമ കേരള കേസരി പുരസ്‌കാരം വി.എസ്. അച്യുതാനന്ദൻ, പ്രൊഫ. എം.കെ. സാനു എന്നിവർക്ക് നൽകും. ഏ​റ്റവും കൂടുതൽ കാലം എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടി, സിനിമാമേഖലയിൽ അടൂർ ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, റസൂൽ പൂക്കുട്ടി, 2018ലെ പ്രളയ കാലത്ത് സു‌സ്ത്യർഹ സേവനമനുഷ്ഠിച്ച അഗ്നിശമന സേന മേധാവി ബി. സന്ധ്യ, കൈരളി ടി.വി മേധാവി ശരത് ചന്ദ്രൻ, ആരോഗ്യമേഖലയിലെ ഡോ. ബി. പദ്മകുമാർ തുടങ്ങിയവരെയും ആദരിക്കും.

ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, മന്ത്റിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, പി. പ്രസാദ്, ആന്റണിരാജു, വി. അബ്ദുൽ റഹ്മാൻ, ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവർ കോവിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ എ.എം. ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ സജി ചെറിയാൻ, സി.ആർ. മഹേഷ്, സുജിത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി, അടൂർ ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, യോഗനാദം ന്യൂസ് ഡയറക്ടർ ആർ.സി. രാജീവ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അപ്‌സര രാജു, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ പങ്കെടുക്കും. ഇതോടൊപ്പം 14 മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാഷോയിലും കലാവിരുന്നിലും സ്റ്റീഫൻ ദേവസ്യ, ജാസിഗിഫ്റ്റ്, മനീഷ, രചന നാരായൺകുട്ടി, നോബി, ബിജു ചാലക്കുടി, ജീജ സുരേന്ദ്രൻ തുടങ്ങി നൂറിൽപ്പരം കലാകാരൻമാർ പങ്കെടുക്കും. ശ്രീനാരായണഗുരുവിന്റെ അഷ്ടലക്ഷ്യങ്ങളെ മുൻനിറുത്തിയുള്ള പ്രവർത്തനവും ചാനലിന്റെ ഭാഗമായി രൂപംകൊടുത്ത ഫാമിലി ക്ലബ്ബിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന വിനോദ പരിപാടികളും ചാനലിന്റെ ലക്ഷ്യമാണ്. സി ഹോം ടി.വി, ബി.എസ്.എൻ.എൽ ടിവി, നീം സ്ട്രീം, ആനന്ദ ടിവി(യൂറോപ്പ്), കേരളവിഷൻ തുടങ്ങിയ പ്ലാ​റ്റുഫോമുകളിൽ ചാനൽ ലഭിക്കുമെന്ന് സൗത്ത് ഇന്ത്യൻ ഗ്രൂപ്പ്, യോഗനാദം ന്യൂസ് ചെയർമാൻ സൗത്ത് ഇന്ത്യൻ ആർ.വിനോദ്, സത്യൻ പന്തത്തല, രാധാക്യഷ്ണൻ എലമ്പടത്ത്, വി.പി. ദാസൻ കണ്ണൂർ, ഗംഗാധരൻ, പത്മന സുന്ദരേശൻ, കുഞ്ഞിക്കുട്ടൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.