കരുനാഗപ്പള്ളി : കാസ് സംഘടിപ്പിച്ച നാടകോത്സവത്തിൽ തിരുവനന്തപുരം ശ്രീനന്ദന അവതരിപ്പിച്ച 'ബാലരമ 'മികച്ച നാടകത്തിനുള്ള ജി.രാജൻ സ്മാരക അവാർഡ് നേടി. മികച്ച രണ്ടാമത്തെ നാടകത്തിനുള്ള മനോജ്‌ സ്മാരക അവാർഡ് കാഞ്ഞിരപ്പള്ളി അമലയുടെ 'കടലാസിലെ ആന 'നേടി, എൻ. ജി പണിക്കർ സ്മാരക പ്രേത്യേക അവാർഡിന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ 'കോഴിപോര് 'എന്ന നാടകവും തിരഞ്ഞെടുത്തു. മികച്ച നടനുള്ള കെ.മോഹൻകുമാർ സ്മാരക അവാർഡ് 'കടലാസിലെ ആന 'എന്ന നാടകത്തിലെ സതീഷ് കെ.കുന്നത്ത്, മികച്ച നടിക്കുള്ള കെ.പി.എ.സി സുലോചന സ്മാരക അവാർഡ് 'ബാലരമ 'നാടകത്തിലെ ജയശ്രീ മധുക്കുട്ടൻ, മികച്ച നടനും നടിക്കുമുള്ള സ്പെഷ്യൽ അവാർഡുകൾ കൊല്ലം അനശ്വരയുടെ 'അമ്മമനസ് 'നാടകത്തിലെ പ്രദീപ്ചന്ദ്രൻ, ശാന്തി പ്രബുദ്ധൻ എന്നിവർക്കും ലഭിച്ചു. മികച്ച സംവിധായകനുള്ള യുവശക്തി എൻ.രാജേന്ദ്രൻ സ്മാരക അവാർഡ് 'കടലാസിലെ ആന 'യുടെ സംവിധായകൻ രാജേഷ് ഇരുളം നേടി. മികച്ച നാടക രചയിതാവിനുള്ള ഡോ. വി. വി. വേലുക്കുട്ടി അരയൻ സ്മാരക അവാർഡ് 'ബാലരമ 'യുടെ രചയിതാവ് പ്രദീപ്കുമാർ കാവുംതറക്കും മികച്ച സംഗീതത്തിനുള്ള അവാർഡ് 'ബാലരമ 'യിലെ സംഗീത സംവിധായകൻ കേരളപുരം ശ്രീകുമാറിനും ലഭിച്ചു. സമാപന സമ്മേളനം സി.ആർ.മഹേഷ്‌ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ഡോ. സുജിത് വിജയൻപിള്ളഎം.എൽ.എ അവാർഡ് വിതരണം ചെയ്തു. അനിൽ വി.നഗേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കാസ് പ്രസിഡന്റ്‌ ആർ. രവീന്ദ്രൻപിള്ള അദ്ധ്യക്ഷനായി. കെ.സി.രാജൻ, സെക്രട്ടറി സജീവ് മാമ്പറ, നജീബ് മണ്ണെൽ, മഹേഷ്‌ പണിക്കർ, കല്ലേലിഭാഗം ബാബു, ജെ.എ. കബീർ,സന്തോഷ്‌ ഓണവിള, ശിവകുമാർ, ബിജു മുഹമ്മദ്‌ സുരേഷ് പാലക്കോട്, നാസർ പോച്ചയിൽ, ശ്യാം എന്നിവർ സംസാരിച്ചു.