
കൊല്ലം: ബി.എസ്.എൻ.എൽ ടെലിഫോൺ കേബിൾ പൊട്ടിവീണ് ഗുരുതരമായി പരിക്കേറ്റയാൾക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. ആയുർവേദ മെഡിക്കൽ പ്രാക്ടീഷണറായ കൊട്ടാരക്കര കരീപ്ര ഗോകുലം വീട്ടിൽ കുഞ്ഞുരാമൻപിള്ളയ്ക്കാണ് ഏഴ് ലക്ഷവും പലിശയും അനുവദിച്ചുകൊണ്ട് കൊട്ടാരക്കര സബ് കോടതി ജഡ്ജി സന്ദീപ് കൃഷ്ണ ഉത്തരവിട്ടത്.
2003 ഫെബ്രുവരി 15ന് രാവിലെ 11.30ന് നെടുമൺകാവ് കരീപ്ര റോഡിലായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യവേ ടെലിഫോൺ പോസ്റ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന ബി. എസ്.എൻ.എൽ മെക്കാനിക്കിന്റെ കൈയിൽ നിന്ന് കേബിൾ പൊട്ടി കുഞ്ഞുരാമൻപിള്ളയുടെ ശരീരത്തിലേക്ക് വീണു. ഇതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടമുണ്ടായി. തലയ്ക്ക് ഉൾപ്പടെ സാരമായി പരിക്കേറ്റ കുഞ്ഞുരാമൻപിള്ള വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു. ബി.എസ്.എൻ.എൽ കൊല്ലം ജില്ലാ ജനറൽ മാനേജർ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ഹർജിക്കാരന് വേണ്ട് അഡ്വ. ആർ. സേതുനാഥ്, പി.ബി. സുനിൽ, എസ്, പാർത്ഥസാരഥി എന്നിവർ ഹാജരായി.