പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഉറുകുന്ന് ജംഗ്ഷൻ മുതൽ കോളനി ജംഗ്ഷൻ വരെ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ വൈദ്യുതി ലൈൻ പുന:സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ഈ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാതിരുന്നത് കാരണം ഇരുചക്ര വാഹന യാത്രക്കാർക്ക് പുറമെ കാൽ നടയാത്രക്കാരും വന്യമൃഗങ്ങളുടെ അക്രമണങ്ങൾക്ക് ഇരയായിരുന്നു. ഇത് കണക്കിലെടുത്ത് ഇവിടെ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി തെന്മല മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി.എൻ.സി.പി തെന്മല മണ്ഡലം പ്രസിഡന്റ് ഉറുകുന്ന് സന്തോഷ്, സുധീർ സോമരാജൻ,സുലൈമാൻ, ഉഷാകുമാരി, കെ.പി .അജികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഉറുകുന്നിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനെക്കുറിച്ച് കേരള കൗമുദി വാർത്ത നൽകിരുന്നു .വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ലൈൻ വലിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ വൈദ്യുതി ബോർഡിൽ പണം അടച്ചു. ഇന്നലെയാണ് വൈദ്യുതി ലൈൻ പുന:സ്ഥാപിച്ചുതുടങ്ങിയത്.