കൊല്ലം: ഓണത്തിന് സഞ്ചാരികളെ വരവേൽക്കാൻ തെന്മലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഇക്കോ ടൂറിസം സെന്ററിലെ സാഹസിക സോണിൽ പഴയ വിനോദ ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.
പ്രളയവും കൊവിഡും കാരണം കഴിഞ്ഞ രണ്ടുവർഷം ഓണത്തിന് ആളനക്കമില്ലാതെ കിടന്ന ടൂറിസം കേന്ദ്രങ്ങൾ ഇക്കുറി സഞ്ചാരികളെ കൊണ്ട് നിറയുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാർ. 2018-19ൽ 187000 സന്ദർശകർ എത്തിയിരുന്നു. ഇതിലൂടെ 1.71 കോടി രൂപയാണ് വരുമാനം ലഭിച്ചത്. എന്നാൽ 2020-21ൽ 9,860 പേരാണ് എത്തിയത്. വരുമാനം. 45 ലക്ഷമായി കുറയുകയും ചെയ്തു.
യുവജനങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ട് സാഹസിക സോണിലാണ് പുതിയ റൈഡുകൾ ഒരുങ്ങുന്നത്. വാട്ടർ റോളർ, ട്രാംപോളിൻ, സോർബിംഗ് ബോൾ, അമ്പെയ്ത്ത്, ബർമാ ബ്രിഡ്ജ്, സ്പൈഡർ നെറ്റ്, ടണൽ വാക്ക്, നെറ്റ് ടണൽ, ഫ്ളൈയിംഗ് ഫോക്സ്, ഏരിയൽ സ്കേറ്റിംഗ് തുടങ്ങിയവയാണ് പുതുതായി സ്ഥാപിക്കുന്നത്. ഷൂട്ടിംഗ്, റിവർ ക്രോസിംഗ്, നെറ്റ് വാക്ക്, മൗണ്ടൻ ബൈക്കിംഗ്, പെഡൽ ബോട്ടിംഗ് തുടങ്ങിയ ഇനങ്ങൾ നിലവിലുണ്ട്.
പാക്കേജ് ടൂറിസത്തിനാണ് പ്രാമുഖ്യം
1. രാവിലെ 9ന് എത്തുന്ന സഞ്ചാരികൾക്ക് രാത്രി 8 വരെ കേന്ദ്രത്തിൽ ചെലവഴിക്കാം
2. രാവിലെ അര മണിക്കൂർ ബോട്ടിംഗ്. ഡാം സൈറ്റുകൾ അടുത്തുനിന്ന് കാണാം
3. അഡ്വഞ്ചർ സോൺ, ബട്ടർ ഫ്ളൈ പാർക്ക്, ഡീയർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ലെഷർ സോൺ എന്നിവ സന്ദർശിക്കാം
4. സാഹസികത ഇഷ്ടമുള്ളവർക്ക് ട്രക്കിംഗ്
5. വൈകുന്നേരം മ്യൂസിക്കൽ ഡാൻസ് ഫൗണ്ടനും ലൈറ്റ് ആൻഡ് സൗണ്ട് ഷോയും
ബോട്ടിംഗ് ഉൾപ്പെടെ ഒരു ദിവസത്തെ പാക്കേജ് - ₹ 480
കുട്ടികൾക്ക് - ₹ 360
ബോട്ടിംഗ് ഇല്ലാതെ - ₹ 355
കുട്ടികൾക്ക്- ₹ 310
പ്രതിമാസ സന്ദർശകർ - 10000 (ശരാശരി)
കൊവിഡ് പ്രതിസന്ധി കഴിഞ്ഞെത്തിയ ആദ്യ ഓണത്തിന്ന് സന്ദർശകരുടെ തിരക്ക് പ്രതീക്ഷിക്കുന്നു. പരമാവധി വിനോദ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ്.
ജെ.ആർ. അനി
ടൂറിസം പ്രൊമോഷൻ ഓഫീസർ