1-

 നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്

കൊല്ലം: ഓണത്തിരക്കിൽ തലങ്ങും വിലങ്ങും തോന്നുംപടി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയതോടെ നടപടികളുമായി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് രംഗത്ത്.

നഗരത്തിൽ വാഹനതിരക്കും ഗതാഗതക്കുരുക്കും വർദ്ധിച്ചിട്ടും നിയന്ത്രിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്ന് കേരളകൗമുദി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് നടപടികൾ ശക്തമാക്കാൻ പൊലീസ് മുന്നിട്ടിറങ്ങുകയായിരുന്നു. നിലവിലെ സ്ഥിരം സ്ഥലങ്ങൾക്ക് പുറമേ അഞ്ച് ഗ്രൗണ്ടുകളിൽ കൂടി പാർക്കിംഗ് സൗകര്യമൊരുക്കി. ഗതാഗതക്കുരുക്കുണ്ടാകാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ പുതുതായി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നത് ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്താത്ത സ്ഥാപന ഉടമകൾക്കെതിരെയും പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കും. പളളിമുക്ക്- കപ്പലണ്ടിമുക്ക്, കടപ്പാക്കട- കല്ലുംതാഴം, കളക്ടറേറ്റ് ഭാഗങ്ങളിൽ ഗതാഗത ക്രമീകരണവും പാർക്കിംഗ് നിയന്ത്രണവും പൊലീസ് നിരീക്ഷണവും ശക്തമാക്കും. എല്ലാ പ്രധാന ജംഗ്‌ഷനുകളിലും ട്രാഫിക്ക് വാർഡന്മാരുടെ സേവനം ഉറപ്പുവരുത്തുമെന്നും ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.

ആവർത്തിച്ചാൽ ഇരട്ടിക്കും

 വാഹനം ശരിയായ രീതിയിൽ പാർക്ക് ചെയ്തില്ലെങ്കിൽ ശക്തമായ നടപടി

 അനധികൃത പാർക്കിംഗ് നടത്തുന്ന വാഹന ഉടമകളിൽ നിന്ന് ഇ- ചെല്ലാൻ വഴി പിഴ ഈടാക്കും

 കുറ്റം ആവർത്തിച്ചാൽ ഇരട്ടി പിഴ

 റിക്കവറി വാഹനം ഉപയോഗിച്ച് വാഹനങ്ങൾ നീക്കും

 വാഹനങ്ങളുടെ വീലുകളിൽ ക്ലാമ്പ് ലോക്ക് ഘടിപ്പിക്കും

 സിഗ്നൽ തെറ്റിക്കൽ, വൺവേ, ഓവർ സ്പീഡ് എന്നിവയ്ക്കും നടപടി

ക്ലാമ്പ് ലോക്ക് (ബോക്സ്)


'സി' ആകൃതിയിലുള്ള ക്ലാമ്പ് വീലുകൾക്ക് കുറുകെ സ്ഥാപിക്കും. ഇതോടെ

മുമ്പോട്ട് നീണ്ടുനിൽക്കുന്ന ശക്തമായ ലിവറുകൾ ചക്രം കറങ്ങുന്നത് തടഞ്ഞ് സഞ്ചാരം നിശ്ചലമാക്കും. വാഹനം ഓടിക്കാനോ തള്ളിമാറ്റാനോ ഒരു ചക്രം മാത്രം നിശ്ചലമാക്കി വലിച്ചിഴക്കാനോ കഴിയില്ല. ഇതോടെ യാത്ര തുടരണമെങ്കിൽ ട്രാഫിക് ഉദ്യോഗസ്ഥരുടെ സഹായം അനിവാര്യമാകും.

സൗജന്യ പാർക്കിംഗ്

ഗ്രൗണ്ടുകൾ

1. സെന്റ് ജോസഫ് സ്കൂൾ

2. പാർവതി മിൽ ഗ്രൗണ്ട്

3. ജില്ലാ ആശുപത്രിക്ക് സമീപത്തെ ബിഷപ്പ് ഗ്രൗണ്ട് (തണൽ)

4. ആണ്ടാമുക്കത്തെ കോർപ്പറേഷൻ ഗ്രൗണ്ട്

5. എ.ജെ.ഹാൾ, ചാമക്കട

ഗതാഗത നിയന്ത്രണത്തിന്

60 ട്രാഫിക്, സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർ.

അതതു സ്റ്റേഷനുകളിൽ കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കും

.............................................

തോന്നിയതുപോലുളള വാഹന പാർക്കിംഗ് അനുവദിക്കില്ല. വാഹനത്തിന്റെ നമ്പരും ഫോട്ടോയും പകർത്തി പിഴ ഈടാക്കും. ആവർത്തിച്ചാൽ ഇരട്ടി പിഴ. പാർക്കിംഗ് നിരീക്ഷണത്തിന് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്

ആർ.സുരേഷ് കുമാർ, ട്രാഫിക് എസ്.എച്ച്.ഒ , കൊല്ലം