കൊല്ലം: ജില്ലയിൽ ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായ ജംഗ്ഷനായി കൊട്ടാരക്കര മാറുന്നു. വാഹനയാത്രക്കാർക്ക് പുറമേ കാൽനടയാത്രക്കാർക്കും ജംഗ്ഷനിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കൊല്ലം- തിരുമംഗലം പാതയുടെ പൊതുവായ പ്രശ്നം പോലെ റോഡിന്റെ വീതിക്കുറവും ജംഗ്ഷനിലെത്താതെ കൊട്ടാരക്കര മറികടക്കാൻ വീതിയുള്ള സമാന്തര പാതകളില്ലാത്തതുമാണ് പ്രശ്നം.
കുരുക്കിൽ നിന്ന് കുരുക്കുകളിലേക്ക്
ഇരുദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലും മറുവശത്ത് കോളേജ് ജംഗ്ഷനിലും എത്തുമ്പോൾ വലയിൽ കുരുങ്ങിയ അവസ്ഥയിലാകും. പിന്നെ മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ ഡ്രൈവർമാർ ക്ലച്ചും ബ്രേക്കുമായുള്ള മൽപ്പിടുത്തമാണ്. തിരക്കേറിയ സമയങ്ങളിൽ ഈ മൂന്ന് കിലോമീറ്റർ പിന്നിടാൻ കുറഞ്ഞത് മുക്കാൽ മണിക്കൂറെങ്കിലും വേണം. അപകടങ്ങളോ പ്രകടനങ്ങളോ ഇതിനിടയിൽ ഉണ്ടായാൽ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോകാൻ പോലും കഴിയാത്ത തരത്തിൽ കുരുക്ക് മുറുകും. റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ മറികടക്കുമ്പോൾ കച്ചേരിമുക്കിലെ കുരുക്കിൽപ്പെടും. ഓയൂരിൽ നിന്നുള്ള റോഡ് വന്ന് ചേരുന്ന ഇവിടെയാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഗണപതി ക്ഷേത്രവും തൊട്ടടുത്താണ്. ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളിൽ വാഹനയാത്രക്കാർ തമ്മിൽ വാക്കേറ്റങ്ങളും അസഭ്യവർഷവും പതിവാണ്.
ട്രാഫിക് സിഗ്നൽ സംവിധാനം പോലുമില്ല
കച്ചേരിമുക്ക് കടന്നുകിട്ടിയ ആശ്വാസത്തിൽ വരുന്ന വാഹനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ചന്തമുക്കിലെ കുരുക്കിൽപ്പെടും. താലൂക്ക് ആശുപത്രിയും ചന്തയും അടക്കമുള്ള ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് സിഗ്നൽ സംവിധാനം പോലുമില്ല. കരുനാഗപ്പള്ളി, ഓയൂർ റോഡുകൾ ദേശീയപാതയുമായി സംഗമിക്കുന്ന ഈ ജംഗ്ഷനിൽ പൊലീസുകാർ നാല് പാടും തിരിഞ്ഞ് രാപ്പകൽ അദ്ധ്വാനിച്ചിട്ടും കുരുക്കൊഴിയാത്ത ദിനങ്ങളില്ല. അവിടെ നിന്ന് രക്ഷപ്പെട്ട് ചെല്ലുന്നത് എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന പുലമൺ ജംഗ്ഷനിലാണ്. ഇവിടുത്തെ കുരുക്ക് പരിഹരിക്കാൻ രണ്ട് പതിറ്റാണ്ടിനിടയിൽ പല പദ്ധതികളുണ്ടായെങ്കിലും ഒന്നും യാഥാർത്ഥ്യമായിട്ടില്ല. ഇവിടെ ഫ്ലൈ ഓവർ നിർമ്മാണത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികളാരംഭിച്ചെങ്കിലും യാഥാർത്ഥ്യമാകുമെന്ന് പ്രദേശവാസികൾക്ക് യാതൊരു വിശ്വാസവുമില്ല.