veg

കൊല്ലം: വിലക്കയറ്റം പിടിച്ചു നിർത്താൻ 105 പച്ചക്കറി വിപണിയുമായി കൃഷിവകുപ്പ്. 30 ശതമാനം വരെ വിലക്കുറവിൽ സ്റ്റാളുകളിൽ പച്ചക്കറി ലഭ്യമാകും. സെപ്‌തംബർ 4 മുതൽ 7 വരെ നാല് ദിവസങ്ങളിലാണ് വിപണി പ്രവർത്തിക്കുക. ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പൽ, കോർപ്പറേഷനുകളിലും വിപണികൾ പ്രവർത്തിക്കും. കർഷകർ പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിച്ച് വിപണനം നടത്തുകയാണ് ലക്ഷ്യം. കർഷകരിൽ നിന്ന് മൊത്ത വ്യാപാര നിരക്കിൽ നിന്ന് 10 ശതമാനം കൂടുതൽ വിലയിൽ സംഭരിച്ച് ചില്ലറ വില്പന നിരക്കിൽ നിന്ന് 30 ശതമാനം കുറഞ്ഞ വിലയ്ക്കാണ് ഉല്പന്നങ്ങൾ വിൽക്കുന്നത്. ജൈവ ഉല്പന്നങ്ങൾക്ക് 20 ശതമാനം കൂടുതൽ വില നൽകിയാവും സംഭരിക്കുക. റീട്ടെയിൽ വിലയിൽ നിന്ന് 10 ശതമാനം കുറച്ച് വിൽക്കും. 6500 രൂപയാണ് ഒരു വിപണി പ്രവർത്തിപ്പിക്കാൻ കൃഷി ഭവനുകൾക്ക് നൽകുന്നത്. ജില്ലയിലെ 78 കൃഷി ഭവനുകളിലും ഇക്കോ ഷോപ്പ്, ബ്ളോക്ക് തല ഫെഡറേറ്റഡ് ഓർഗനൈസേഷൻ ഫാമുകൾ, ജില്ലാ ഓയിൽ ടെസ്റ്റിംഗ് ലാബ്, അസി. എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസ്, ജില്ലാ ഓഫീസ് എന്നിവയുടെ നേതൃത്വത്തിലും വിപണികൾ പ്രവർത്തിക്കും.