 
കരുനാഗപ്പള്ളി: ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്., എൻ.സി.സി, ജെ.ആർ.സി യൂണിറ്റുകളുടെയും എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെയും നേതൃത്വത്തിൽ 'കൗമാരം ജാഗ്രതയോടെ' എന്ന കാമ്പയിന്റെ ഭാഗമായി 'ലഹരിയല്ല ജീവിതം പഠനമാകട്ടെ ലഹരി' എന്ന പേരിൽ ബോധവത്കരണ ലഘുലേഖ പ്രകാശനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളെയും പൊതു സമൂഹത്തെയും ജാഗ്രതയുള്ളവരാക്കുക എന്ന ലക്ഷ്യമാണ് പരിപാടി ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ പൊതു ഇടങ്ങളിൽ ലഘുലേഖകൾ പ്രദർശിപ്പിച്ചും വിദ്യാർത്ഥികളിലേക്ക് ലഘുലേഖകൾ എത്തിച്ചും തെരുവ് നാടകങ്ങൾ നടത്തിയും വ്യാപകമായ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ മായാ ശ്രീകുമാർ സിനിമാ സംവിധായകൻ അനിൽ വി.നാഗേന്ദ്രന് ലഘുലേഖ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്‌മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ അദ്ധ്യക്ഷനായി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളി, മീരാ സിറിൾ, എക്സൈസ് ഇൻസ്പെക്ടർ വിജിലാൽ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഡി.എസ്.മനോജ് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, അബ്ദുൽ മനാഫ്, ഷെറിൻ രാജ്, സീഡ് കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം, കെ.എസ്.പ്രീത , സി.ഷീജ, അനീഷ് മണ്ണൂർക്കാവ്, സിനോ പി. ബാബു തുടങ്ങിയവരും വിദ്യാർത്ഥികളും പങ്കെടുത്തു.