ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിൽ അനധികൃത കായൽ കയ്യേറ്റത്തിനെതിരെ നടപടി ആരംഭിച്ചു. ആയിരംതെങ്ങ് പാലത്തിന് തെക്കുവശം ദേശീയ ജലപാതയുടെ ഇടത്തെ കരയിൽ സ്വകാര്യ വ്യക്തികൾ നികത്തിയ ഏകദേശം നാല്പത് സെന്റ് കായൽ പ്രദേശം വീണ്ടെടുക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. മുളയും പ്ലാസ്റ്റിക് പടുതയും ഉപയോഗിച്ച് കായലിൽ കുറ്റിയടിച്ച് കായലിൽ നിന്ന് രാത്രികാലങ്ങളിൽ മണ്ണ് ഡ്രഡ്ജ് ചെയ്താണ് കായൽ നികത്തിയത്.
60 ഓളം കായൽ കയ്യേറ്റങ്ങൾക്കെതിരെ നടപടി
കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജോയി ജനാർദ്ദനന്റെ നേതൃത്വത്തിലാണ് നടപടികൾ ആംരഭിച്ചത്. കയ്യേറ്റം നടത്തിയ ഉണ്ണി, സുധി എന്നീ രണ്ട് വ്യക്തികൾക്കെതിരെ റവന്യൂ റിക്കവറിയടക്കമുള്ള കർശന നടപടിയെടുക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
ഏകദേശം 60 ഓളം കായൽ കയ്യേറ്റങ്ങൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഉൾനാടൻ ജലഗതാഗത വിഭാഗം ചവറ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ജിജികുമാരി, ഓവർസിയർ എൻ.സുമി, ക്ലാർക്ക് എ.നസിയ, സുനിൽ, ജഹാംഗീർ, ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കായൽ കൈയ്യേറ്റത്തിനെതിരെ നടപടി സ്വീകരിച്ചത്.
കായലിന് അരികെ താമസിക്കുന്ന ചിലരാണ് ഇത്തരം കയ്യേറ്റങ്ങൾ നടത്തി കായലിന്റെ ആവാസവ്യവസ്ഥയും വിസ്തീർണവും കുറയ്ക്കുന്നത്. കായലിൽ മാലിന്യം തള്ളുന്നവർക്കെതിരെ റവന്യൂ റിക്കവറി അടക്കമുള്ള കർശന നടപടിയെടുക്കും
ജോയി ജനാർദ്ദനൻ
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ
കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം