boat
മൂടൽമഞ്ഞിൽ നിയന്ത്രണം വിട്ട് തീരത്തേക്ക് ഇടിച്ചുകയറിയ മത്സ്യബന്ധന ബോട്ട്

കൊല്ലം: മത്സ്യബന്ധനത്തിനിടെ ബോട്ട് നിയന്ത്രണം തെറ്റി ഇരവിപുരം കുളത്തുംപാടം തീരത്തേക്ക് ഇടിച്ചു കയറി. കാവനാട് മുക്കാട് അരവിള സ്വദേശിയുടെ വേളാങ്കണ്ണി മാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ഒമ്പത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ബംഗാൾ സ്വദേശി അനിരുളിന്റെ കൈയ്ക്കും മറ്റൊരു തൊഴിലാളിക്കും പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു അപകടം. ഉൾക്കടലിലേക്ക് മീൻ പിടിക്കാനായി ശക്തികുളങ്ങര ഹാർബറിൽ നിന്ന് പുറപ്പെട്ട ബോട്ടിന്റെ എൻജിൻ തകരാറിലായതോടെ നിയന്ത്രണം തെറ്റി ഇരവിപുരം കുളത്തുംപാടം ഭാഗത്തേക്കു നീങ്ങുകയായിരുന്നു. നല്ല മഞ്ഞും തിരമാലയും കാറ്റുംമഴയും ഉണ്ടായിരുന്നതിനാൽ ബോട്ട് നിയന്ത്രിക്കാനായില്ല. തീരത്തെ പുലിമുട്ടുകളിൽ തട്ടി ബോട്ടിന്റെ ചില ഭാഗങ്ങൾ തകർന്നു. ബോട്ട് തീരത്തെ മണ്ണിൽ പുതഞ്ഞിരിക്കുകയാണ്. ഇന്നലെ വൈകിട്ടും ക്രെയിൻ എത്തിച്ച് ബോട്ട് കടലിലേക്ക് ഇറക്കാനുള്ള ശ്രമം തുടരുകയായിരുന്നു.