phot
പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ഡോക്ടർ ആശുപത്രിക്കുളളിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു

പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ അനുവദിച്ചില്ലെന്നാരോപിച്ച് രോഗികളെയും കൂട്ടിരിപ്പുകാരെയും സംഘടിപ്പിച്ച് ആശുപത്രിക്കുള്ളിൽ പ്രശ്നമുണ്ടാക്കിയ ഡോക്ടർക്കെതിനെ സൂപ്രണ്ട് ജില്ല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിലെ ഓർത്തോ സ്പെഷ്യാലിസ്റ്റ് ഡോക്ടറാണ് ചില രോഗികളെയും കൂട്ടിരിപ്പുകാരെയും സംഘടിപ്പിച്ച് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടാലും കാര്യങ്ങൾ പറയുമെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. താലൂക്ക് ആശുപത്രിയിലെ ക്വാഷ്യാലിറ്റി മെഡിക്കൽ ഓഫീസർ കൂടിയായ ഓർത്തോ സ്പെഷ്യാലിസ്റ്റ് ഡോക്ടർക്ക് തിങ്കളാഴ്ച മാത്രമാണ് ഓപ്പറേഷൻ നടത്താൻ അനുമതിയുള്ളത്. എന്നാൽ ഇദ്ദേഹം എല്ലാ ദിവസവും ഓപ്പറേഷൻ നടത്തിയിരുന്നു. ഇത് കൂടാതെ ഡ്യൂട്ടിക്ക് സ്ഥിരമായി താമസിച്ച് എത്താറുള്ള ഡോക്ടർക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഡോക്ട‌ർ ആശുപത്രിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഇതുവരെ ഡോക്ടർ ഓപ്പറേഷൻ നടത്തിയിരുന്നതെന്നും മറ്റ് കൈപ്പിഴകൾ സംഭവിച്ചാൽ സമാധാനം പറയേണ്ടത് താനാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ഡോക്ടർക്കെതിരെ ഡിപ്പാർട്ടുമെന്റ് തലത്തിൽ നടപടി ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.