
ശാസ്താംകോട്ട : മനക്കര സന്ധ്യാ ഭവനിൽ വിജയമ്മയുടെ വാടക വീടിന്റെ കതക് തകർത്ത് മോഷണം നടത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന വിജയമ്മ എല്ലാദിവസവും തൊട്ടടുത്ത വീട്ടിലാണ് കിടക്കുന്നത്. പതിവുപോലെ കതകും ഗേറ്റും പൂട്ടിയശേഷമാണ് ഇവർ അയൽ വീട്ടിൽ ഉറങ്ങാനായി പോയത്. രാവിലെ എത്തി കതക് തുറക്കാൻ നോക്കിയപ്പോഴാണ് കതകുകൾ തുറന്നു കിടക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ അയൽ വീട്ടിൽ അറിയിക്കുകയും അവർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കതക് തകർത്ത് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. മുറിക്കുള്ളിൽ മുളകുപൊടി വിതറിയിട്ടുണ്ട്. വീടിനു പുറത്ത് കതക് വെട്ടിപ്പൊളിക്കാൻ ഉപയോഗിച്ച കോടാലിയും,പിക്കാസും, തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാരയും കണ്ടെത്തി. വീടിന് സൈഡിലെ മതിലിന്റെ ഒരു ഭാഗമിളക്കിയാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വീടിനുള്ളിലെ സാധനങ്ങൾ എല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വിജയമ്മയുടെ പേഴ്സിൽ സൂക്ഷിച്ചിരുന്ന 4000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന മുളകുപൊടിയാണ് മുറികളിൽ വിതറിയത്. മോഷണം നടന്ന വീടിന് തൊട്ടു പുറകിലുള്ള വീട്ടിലെ വരാന്തയിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളാണ് മോഷ്ടാവ് മോഷണത്തിനായി ഉപയോഗിച്ചതെന്ന് പിന്നീട് കണ്ടെത്തി.