തൃപ്രയാർ: നാട്ടിക നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ. അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം ഒരു കോടി രൂപ വീതം അനുവദിച്ച കോളനികളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുമ്പ് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, പട്ടിക ജാതി വികസന ഓഫീസർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പാറളം പഞ്ചായത്തിലെ ശാസ്താംകടവ് കോളനി, ആലുക്കാക്കുന്ന് കോളനി, താന്ന്യം പഞ്ചായത്തിലെ ബാപ്പുജി കോളനി, വലപ്പാട് പഞ്ചായത്തിലെ നെറ്റിക്കോട് കോളനി എന്നിവിടങ്ങളിലേക്കാണ് ഒരുകോടി രൂപ അനുവദിച്ചിട്ടുള്ളത്.