ചേർപ്പ്: 532 ഏക്കർ വരുന്ന ചേനം തരിശുപടവിൽ 21ന് നടത്തുന്ന പാടശേഖര തിരഞ്ഞടുപ്പിൽ വിജയം ഉറപ്പിക്കാൻ കള്ളവോട്ട് ചേർത്തതും കൊവിഡ് കാലത്ത് പൊതുയോഗം നടത്താതെ പൊതുയോഗച്ചെലവ് രണ്ടര ലക്ഷം രൂപ കാണിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം.

കർഷകർക്ക് ലഭിച്ച പ്രളയ ഫണ്ട് ഉപയോഗിച്ച് നിലം നികത്തി വെള്ളം കയറുന്ന പാടത്തിനോട് ചേർന്ന വില കുറഞ്ഞ ഭൂമി വൻവിലയ്ക്ക് വാങ്ങിച്ചതിൽ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നു. ജില്ലാ കോൾ കർഷക സംഘം നേതാവ് എ.ജി. ജ്യോതി ബാസു, സി.പി.ഐ പാറളം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. ഷാജൻ എന്നിവർ റവന്യൂ മന്ത്രി കെ. രാജൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകി.