കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും ഉന്നതതല യോഗം ചേർന്നു. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാണുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇ.ടി. ടൈസൺ എം.എൽ.എ ഉന്നതതലയോഗം വിളിച്ചത്.

ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പൊലീസ്, അഗ്‌നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുത്. വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥലങ്ങളിൽ നിന്നും കടലേറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലും അതത് പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകൾക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.

എല്ലാ പഞ്ചായത്തുകളിലും വില്ലേജ് ഓഫീസർമാരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വം ക്യാമ്പുകളിൽ ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്. യോഗത്തിൽ കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ, മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ചന്ദ്രബാബു തുടങ്ങി തീരദേശ പൊലീസ് ഉദ്യോഗസ്ഥർ കൊടുങ്ങല്ലൂർ സബ് ഇൻസ്‌പെക്ടർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം.

- ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ