പുതുക്കാട്: നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെ പാലിയേക്കരയിലെ ടോൾ കമ്പനി ഇതുവരെ പിരിച്ചെടുത്തത് 1052 കോടി രൂപ. ടോൾ പിരിവ് ആരംഭിച്ച് 125 മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവൃത്തികൾ അവശേഷിക്കുന്നുവെന്നാണ് വിവരാവകാശ രേഖയിൽ ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നു. 2016 എപ്രിൽ 18ന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ പഞ്ച് ലിസ്റ്റിൽ പറഞ്ഞിരുന്ന പ്രവൃത്തികൾ ഇപ്പൊഴും ബാക്കിയാണ്. ചാലക്കുടി അടിപ്പാത 24 ശതമാനം മാത്രമാണ് തീർന്നിട്ടുള്ളത്, പുതുക്കാട് അടിപ്പാതയും അനുബന്ധ സർവീസ് റോഡ്, ഡ്രൈനേജുകൾ എന്നിവയും നിർമ്മാണം ആരംഭിച്ചിട്ടില്ല. ഭാരത്മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് വരിപ്പാത വരുമ്പോൾ മാത്രമേ ഇവ ചെയ്യുള്ളൂ എന്നും പറയുന്നു. ഡ്രൈനേജുകൾ, കൾവെർട്ട് എന്നിവയും ടോൾ പ്ലാസയിലെ ചില പ്രവൃത്തികളും ഹൈട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രവൃത്തികളും തീർന്നിട്ടില്ല. അഞ്ച് വർഷത്തിലൊരിക്കൽ ചെയ്യേണ്ട റീ ടാറിംഗും രണ്ട് തവണയായി പൂർത്തീകരിച്ചിട്ടില്ല. പ്രവൃത്തികൾ പൂർത്തിയാക്കിയില്ലെങ്കിലും എല്ലാ സെപ്തംബർ മാസത്തിലും ടോൾ നിരക്ക് വർദ്ധിപ്പിക്കാൻ എൻ.എച്ച്.എ.ഐ അനുമതി നൽകുന്നുണ്ട്.
പിരിച്ചെടുക്കുന്നത് മാസത്തിൽ ശരാശരി 13 കോടി
ടോൾ പിരിവ് ആരംഭിച്ചപ്പോൾ കേവലം 10,000 വാഹനങ്ങളാണ് പ്രതിദിനം കടന്നുപോയിരുന്നതെങ്കിൽ ഇപ്പോൾ 36,000 വാഹനങ്ങളാണ് കടന്നുപോവുന്നത്. തുടങ്ങുമ്പോൾ മാസത്തിൽ മൂന്ന് കോടി രൂപയാണ് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ശരാശരി 13 കോടിയാണ് ലഭിക്കുന്നത്.
പണി പൂർത്തീകരിക്കാതെ ഈ വർഷം വർദ്ധനവിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് എൻ.എച്ച്.എ.ഐ പ്രൊജെക്ട് ഡയറക്ടർക്കും വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് മന്ത്രി, സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കും കത്ത് നൽകി. നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. കരാർലംഘനം നടത്തിയാൽ ടോൾ കമ്പനിയെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിബന്ധനയുണ്ടെന്നിരിക്കെ കോടികൾ നേട്ടമുണ്ടാക്കാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
അഡ്വ. ജോസഫ് ടാജറ്റ്.
(ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്).