തിരുവില്വാമല: തെരുവിലൂടെ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാൻ താത്പര്യം ഉള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉടമകൾക്ക് കാലിത്തൊഴുത്ത് നിർമ്മിക്കാൻ വേണ്ട സഹായങ്ങൾ നൽകുന്നതിനുള്ള നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും തിരുവില്വാമല പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. കർഷകർക്കും കാൽനട, വാഹന യാത്രികർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തെരുവ് കന്നുകാലികളെ നിയന്ത്രിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. തെരുവ് കന്നുകാലികളെ സംരക്ഷിക്കാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്ന ഏകാഭിപ്രായമുയർന്നു. അലഞ്ഞു നടക്കുന്ന കന്നുകാലികളെ കണ്ടുകെട്ടി വളർത്താൻ താത്പര്യമുള്ളവരെ ഏൽപ്പിക്കണമെന്ന് ചിലർ നിർദ്ദേശിച്ചു. തിരുവില്വാമല അമ്പലത്തിൽ കന്നുകാലികളെ നടക്കിരുത്താറില്ലെന്ന് ദേവസ്വം മാനേജർ വ്യക്തമാക്കി. പഞ്ചായത്ത് ഭരണസമിതിക്ക് തെരുവിൽ അലയുന്ന കന്നുകാലികളെ പരസ്യമായി ലേലം ചെയ്യുവാൻ അധികാരമില്ലെന്നും അത്തരമൊരു നടപടിയിലേക്ക് ഭരണസമിതി പോകുക ആണെങ്കിൽ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പറഞ്ഞു.